കൊല്ലം: രാജ്യത്ത് അടുത്ത വർഷം 200 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 10 റേക്കുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ചു കഴിഞ്ഞു. അതേ സമയം ചെന്നൈ ഐസിഎഫിൽ നിർമിച്ച വന്ദേ സ്ലീപ്പർ ട്രെയിനിൻ്റെ ആദ്യ റേക്ക് സിമുലേഷൻ പരിശോധകൾക്കായി പുറത്തിറക്കി.
വിവിധ സെക്ഷനുകളിലെ ട്രാക്കുകളിൽ ഭാരം നിറച്ചുള്ള സിമുലേഷൻ പരീക്ഷണങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. ഇത് വിജയകരമായി പൂർത്തിയാക്കിയ ശേഷം 130 മുതൽ 180 കിലോ മീറ്റർ വരെ വേഗതയിലുള്ള പ്രകടനം വിലയിരുത്തും. ട്രെയിനിൻ്റെ സ്ഥിരത, സ്പീഡ്, ഭാരം വഹിച്ചുള്ള സിമുലേഷൻ പരിശോധനകൾ എന്നിവ വിലയിരുത്തന്നതിൻ്റെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത് ലഖ്നൗവിലെ റിസർച്ച് ഡിസൈൻസ് ആൻ്റ് സ്റ്റാൻഡാർഡ് ഓർഗനൈസേഷനാണ് ( ആർഡിഎസ്ഒ). പരമാവധി 180 കിലോമീറ്റർ വേഗത്തിൽ ഓടുന്ന തരത്തിലാണ് ആദ്യ വന്ദേ സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ക്ലാസ് ഒന്ന്, രണ്ട്, മൂന്ന് കോൺഫിഗറേഷനുകളിലുള്ള 16 കോച്ചുകളാണ് വന്ദേ സ്ലീപ്പറിൽ ഉള്ളത്.ഇപ്പോൾ നടന്നു വരുന്ന പരീക്ഷണങ്ങൾ പൂർത്തിയായ ശേഷമായിരിക്കും വണ്ടിയുടെ കമ്മീഷനിംഗും ട്രയൽ റണ്ണും വേഗതയും നിശ്ചയിക്കുക. പ്രഥമ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ റിപ്പബ്ലിക് ദിനത്തിൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ 136 വന്ദേഭാരത് ചെയർകാർ എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. വന്ദേ സ്ലീപ്പറുകൾ കൂടാതെ അടുത്ത വർഷം കൂടുതൽ ദീർഘദൂര ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്താനും റെയിൽവേ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.ഇതിനായി എൽഎച്ച്ബി കോച്ചുകളുടെ ഉത്പാദനം യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിച്ച് വരികയാണ്.
2014-24 കാലയളവിൽ റെയിൽവേ 36,933 എൽഎച്ച്ബി കോച്ചുകളാണ് പുതുതായി നിർമിച്ചത്. 2004-2014 കാലഘട്ടത്തിൽ 2337 എൽഎച്ച്ബി കോച്ചുകൾ മാത്രമാണ് നിർമിക്കാൻ കഴിഞ്ഞത്. കോച്ചുകളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ നിലവിലെ വർധന 15 ശതമാനത്തിലധികമാണ്.
എസ്.ആർ. സുധീർ കുമാർ