കൊല്ലം: ബംഗളുരു -എറണാകുളം റൂട്ടിൽ റെയിൽവേ അനുവദിച്ച പുതിയ വന്ദേ ഭാരത് എക്സ്പ്രസ് വമ്പൻ ഹിറ്റാകും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ബംഗളുരുവിൽ നിന്ന് എറണാകുളത്ത് എത്താം എന്നതാണ് ഈ ട്രെയിന്റെ എടുത്ത് പറയേണ്ട പ്രത്യേകത. യാത്രാ സമയം ഒമ്പത് മണിക്കൂർ 10 മിനിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.
ഈ ഒറ്റക്കാരണത്താൽ തന്നെ കൂടുതൽ യാത്രക്കാർ ഈ വന്ദേഭാരത് എക്സ്പ്രസിനെ ആശ്രയിക്കുമെന്ന കാര്യം ഉറപ്പാണ്. അതുവഴി റെയിൽവേയ്ക്ക് വൻ വരുമാന വർധനയും ഉണ്ടാകും.നിലവിൽ ബംഗളുരുവിൽ നിന്ന് എറണാകുളത്തേയ്ക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി എക്സ്പ്രസ് 10 മണിക്കൂർ 40 മിനിട്ട് കഴിഞ്ഞാണ് എറണാകുളത്ത് എത്തുന്നത്.
മാത്രമല്ല ബംഗളുരുവിൽ നിന്ന് കന്യാകുമാരിക്ക് പോകുന്ന ഐലൻഡ് എക്സ്പ്രസ് എറണാകുളത്ത് എത്തുന്നതിന് 11 മണിക്കൂറാണ് റെയിൽവേ നിശ്ചയിച്ചിട്ടുള്ളത്.സമയക്രമത്തിന്റെ കാര്യത്തിൽ പുതിയ വന്ദേഭാരത് മുന്നിലാണെങ്കിലും ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ സർവീസ് ഉള്ളൂ എന്നത് വലിയ പോരായ്മയാണ്. എട്ട് റേക്കുകൾ ഉള്ള ജോഡി ട്രെയിന്റെ അഭാവമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പുതിയ വന്ദേഭാരത് ഈ മാസം 31 മുതൽ ഓഗസ്റ്റ് 26 വരെ സ്പെഷൽ സർവീസ് ആയി നടത്താനാണ് റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടുള്ളത്. ഇത് സ്ഥിരം സംവിധാനമായി മാറാനുള്ള സാധ്യതയുണ്ട്.എറണാകുളത്ത് നിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ബംഗളുരുവിലേയ്ക്കുള്ള സർവീസ്.വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ ബംഗളുരുവിൽ നിന്ന് എറണാകുളത്തേയ്ക്കും സർവീസ് നടത്തും.
നേരത്തേ കേരളത്തിന് അനുവദിച്ചതും ഏറെ നാൾ കൊല്ലത്ത് നിർത്തിയിട്ടിരുന്നതുമായ എട്ട് റേക്കുകളുള്ള വന്ദേഭാരത് ട്രെയിനാണ് ഇതിനായി ഉപയോഗിക്കുക. ഈ വണ്ടി ഇപ്പോൾ മംഗളുരു – ഗോവ റൂട്ടിൽ സർവീസ് നടത്തി വരികയാണ്.ബംഗളുരുവിൽ നിന്ന് എറണാകുളത്തേയ്ക്ക് പ്രതിദിന സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസ് ലോബിക്ക് വൻ തിരിച്ചടിയാണ് പുതിയ വന്ദേ ഭാരത്. നിരക്കിൻ്റെ കാര്യത്തിൽ അവർ നടത്തുന്ന പകൽ കൊള്ളയ്ക്ക് ഒരു പരിധിവരെ അറുതി വരുത്താനും ഈ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.