കൊല്ലം: ഗോവയിലെ മഡ്ഗാവിൽ നിന്ന് മംഗളൂരുവരെയുള്ള സെമി ഹൈസ്പീഡ് വന്ദേഭാരത് എക്സ്പ്രസ് (20646/20645) കോഴിക്കോട് വരെ നീട്ടാൻ റെയിൽവേ മന്ത്രാലയം തത്യത്തിൽ തീരുമാനിച്ചു.വണ്ടി കോഴിക്കോട് വരെ സർവീസ് ദീർഘിപ്പിക്കണമെന്ന് ഗോവയിലെ മലയാളി സമൂഹം പി.ടി.ഉഷ എംപിക്ക് നിവേദനം നൽകിയിരുന്നു. അവർ ഈ ആവശ്യം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. വണ്ടി നീട്ടുന്ന കാര്യത്തിൽ മന്ത്രി വ്യക്തമായ ഉറപ്പും നൽകി കഴിഞ്ഞു.
ഓഗസ്റ്റ് മധ്യവാരത്തിനുള്ളിൽ വണ്ടി കോഴിക്കോടിന് നീട്ടുമെന്നാണ് ലഭ്യമാകുന്ന വിവരം. അങ്ങനെയെങ്കിൽ കേരളത്തിന് സ്ഥിരമായി ലഭിക്കുന്ന മൂന്നാം വന്ദേഭാരത് ആയിരിക്കും ഇത്. അതേ സമയം വണ്ടി ഷൊർണൂർ വരെ നീട്ടുന്ന കാര്യവും റെയിൽവേയുടെ സജീവ പരിഗണനയിലാണെന്ന് അറിയുന്നു.
നിലവിൽ മഡ്ഗാവ് – മംഗളുരു വന്ദേഭാരത് സർവീസ് വൻ നഷ്ടത്തിലാണ് ഓടുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ സർവീസ് പിൻവലിക്കുന്നത് സംബന്ധിച്ച് റെയിൽവേയുടെ ഉന്നത തലങ്ങളിൽ ആലോചനയും നടന്നിരുന്നു. സർവീസ് ലാഭകരമാക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ട്രെയിൻ കോഴിക്കോട് വരെ നീട്ടാൻ തീരുമാനിച്ചിട്ടുള്ളത്.
നിലവിൽ മംഗളൂരു -മഡ്ഗാവ് വന്ദേഭാരത് രാവിലെ 8.30 ന് മംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് രണ്ടിന് മഡ്ഗാവിൽ എത്തുന്നതാണ് സമയക്രമം.437 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റൂട്ടിൽ 80 കിലോമീറ്ററിൽ താഴെ വേഗതയിലാണ് വണ്ടി ഓടുന്നത്.ഉഡുപ്പി, കാർവാർ എന്നീ രണ്ട് സ്റ്റോപ്പുകൾ മാത്രമാണുള്ളത്. തിരികെയുള്ള സർവീസ് വൈകുന്നേരം 5.35 ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് രാത്രി 10.45 ന് മംഗളുരുവിൽ എത്തും. വണ്ടി കോഴിക്കോട് വരെ നീട്ടിയാൽ ഈ സമയക്രമത്തിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്.
പുലർച്ചെ ഒന്നിന് കോഴിക്കോട് എത്തി രാവിലെ 5.30 ന് തിരികെ പോകുന്ന തരത്തിലുള്ള സമയമാണ് ഇപ്പോൾ അധികൃതരുടെ പരിഗണനയിൽ ഉള്ളത്. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായാൽ പരീക്ഷണ ഓട്ടം അടക്കമുള്ളവ താമസംവിനാ നടത്തുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്. വണ്ടി കോഴിക്കോട് വരെ നീട്ടുമ്പോൾ 221 കിലോമീറ്റർ അധിക ദൈർഘ്യമുണ്ടാകും. ഈ റൂട്ടിൽ കൂടുതൽ സ്റ്റോപ്പുകളും നൽകേണ്ടിയും വരും. എങ്കിലേ സർവീസ് ലാഭകരമാകുകയുള്ളൂ.
കാസർഗോഡും കണ്ണൂരും സ്റ്റോപ്പുകൾ ഉണ്ടാകുമെന്നാണ് സൂചന. ഷൊർണൂർ വരെ നീട്ടുകയാണങ്കിൽ മംഗലാപുരത്ത് നിന്ന് 307 കിലോമീറ്റർ അധിക ദൂരമുണ്ട്. അങ്ങനെയെങ്കിൽ തിരൂരിൽ കൂടി സ്റ്റോപ്പ് അനുവദിക്കാനാണ് സാധ്യത.വണ്ടി കോഴിക്കോട്ടോ ഷൊർണൂരിലോ എത്തിയാൽ യാത്രക്കാർക്ക് തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഉടൻ കണക്ഷൻ ട്രെയിൻ ലഭിക്കുന്ന തരത്തിൽ സമയം ക്രമീകരിക്കാനുള്ള സാധ്യതയും അധികൃതർ പരിഗണിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.