തിരുവനന്തപുരം : കേരളത്തിനുള്ള രാജ്യത്തെ പതിനാലാമത് വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. ചെന്നൈയിലെ വില്ലിവാക്കത്ത് നിന്ന് ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടു.
16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവേ അധികൃതർ ട്രെയിൻ എറ്റെടുത്തു.
ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.
എഗ്മോർ നാഗർകോവിൽ വഴിയാണ് ട്രെയിൻ കേരളത്തിലെത്തുക. പാലക്കാട് വഴിയാണ് കേരളത്തിലേക്ക് പ്രവേശിക്കുക. ട്രാക്ക് ക്ലിയറൻസ് ലഭിച്ചാൽ 22ന് തിരുവനന്തപുരത്ത് നിന്ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത.
ഏപ്രിൽ 25ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെയാണ് ട്രെയിന്റെ സ്റ്റോപ്പുകൾ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ അന്തിമ നോട്ടിഫിക്കേഷൻ എത്തിയിട്ടില്ല. കേരളത്തിൽ വന്ദേ ഭാരത് ട്രെയിനിന്റെ വേഗം 100 മുതൽ 110 കിലോമീറ്റർ വരെ ആയിരിക്കും.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരമാവധി ആറു സ്റ്റോപ്പാകും ഉണ്ടാകുക. കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ ഓടിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഇന്നലെ തിരുവനന്തപുരത്ത് എത്തി സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു.
ദക്ഷിണേന്ത്യയിൽ തമിഴ്നാട്ടിലും കർണാടകത്തിലും ഇതിനോടകം വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു.കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
അറിയാം വന്ദേഭാരതിനെ…
പുതുതലമുറ ഇന്ത്യൻ സെമി-ഹൈ-സ്പീഡ്,
ഇന്റർസിറ്റി, ഇഎംയു ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്.
കേരളത്തിന് ലഭിച്ചത് 16 കോച്ചുകളുള്ള ട്രെയിൻ.
പൂർണമായും എസിയും ഓട്ടോമാറ്റിക് ഡോറുകളും.
മുന്നിലും പിറകിലും ഡ്രൈവർ ക്യാബ്.
ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം.
എൽഇഡി ലൈറ്റിസ്റ്റിംഗ്.
വിമാന മാതൃകയിൽ ബയോ വാക്വം ശുചിമുറികൾ.
52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം.
180 ഡിഗ്രി വരെ തിരിയാൻ കഴിയുന്ന റിവോൾവിംഗ് ചെയർ.
എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയായിരിക്കും വേഗത.
180 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാവുന്ന തദ്ദേശീയമായി നിർമിച്ച ട്രെയിൻ.