ജയ്പുർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുതെറിപ്പിച്ച കാളക്കുട്ടി ദേഹത്തുപതിച്ച് വയോധികൻ മരിച്ചു. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായ ശിവദയാൽ ശർമയാണ് (82) മരിച്ചത്.
രാജസ്ഥാനിലെ അൽവാറിലെ ആരവലി വിഹാർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാവിലെ 8.30 ന് ആയിരുന്നു സംഭവം. ശിവ ദയാൽ ശർമ, കാളക്കുട്ടിയെ ട്രെയിൻ തട്ടിയ സ്ഥലത്തുനിന്നും 30 മീറ്റർ അകലെയാണ് നിന്നിരുന്നത്.
ട്രെയിൻ ഇടിച്ചതിന്റെ ആഘാതത്തിൽ കാളക്കുട്ടിയുടെ ശരീരഭാഗം തെറിച്ച് ശിവദയാൽ ശർമയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ശിവദയാൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാളക്കുട്ടിയും ചത്തു.
ഡൽഹി-ജയ്പൂർ-അജ്മീർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ട്രെയിൻ യാത്ര തുടർന്നു.