പത്തനംതിട്ട: കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ഇന്നലെ മുതല്‍ നിര്‍ത്തിത്തുടങ്ങി. കേന്ദ്രമന്ത്രി വി. മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ് എംപി, റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ്.എം. ശര്‍മ തുടങ്ങിയവര്‍ ഇന്നലെ രാവിലെ ട്രെയിന്‍ എത്തുമ്പോള്‍ സ്റ്റേഷനില്‍ സന്നിഹിതരായിരുന്നു.
പത്തനംതിട്ട ജില്ലയിലെ യാത്രക്കാര്‍ക്കായിരിക്കും ചെങ്ങന്നൂര്‍ സ്റ്റോപ്പ് ഏറെ പ്രയോജനം ചെയ്യുക.ശബരിമല തീര്‍ഥാടകര്‍ക്കു കൂടി ഉപകാരമാകുന്ന തരത്തിലാണ് ചെങ്ങന്നൂര്‍ സ്റ്റോപ്പ്. കാസര്‍ഗോഡിനുള്ള വന്ദേഭാരത് എക്സ്പ്രസ് രാവിലെ 6.53ന് ചെങ്ങന്നൂരിലെത്തും.
രണ്ട് മിനിട്ടാണ്സ്റ്റോപ്പ്. മടക്കയാത്രയില്‍ രാത്രി 8.46 നാണ് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എത്തുക. വന്ദേഭാരതില്‍ ചെങ്ങന്നൂരില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കു കൂടി പ്രയോജനപ്പെടുന്ന തരത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ് സര്‍വീസ് ക്രമീകരിക്കണമെന്നാവശ്യം ശക്തമായി.
മുമ്പ് രാത്രി 9.30 വരെ ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുണ്ടായിരുന്നു. നിലവില്‍ രാത്രി എട്ടോടെ സര്‍വീസ് അവസാനിപ്പിക്കും.
വേണാട് എക്സ്പ്രസിന് എത്തുന്നവര്‍ക്കുപോലും പലപ്പോഴും ബസ് കിട്ടാറില്ല.വന്ദേഭാരത്, പാലരുവി, വഞ്ചിനാട് തുടങ്ങിയ ട്രെയിനുകളില്‍ എത്തുന്നവര്‍ക്കുകൂടി പ്രയോജനപ്പെടുന്ന തരത്തില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പത്തനംതിട്ടയിലേക്ക് ആരംഭിക്കണമെന്നാവശ്യവുമായി യാത്രക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.