കൊല്ലം: ഇന്ത്യൻ റെയിൽവേയുടെ അഭിമാന ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് ഇനി വാടകയ്ക്ക് ലഭിക്കും. റേക്കുകളിൽ ഒരെണ്ണം സിനിമാ ഷൂട്ടിംഗിന് കൈമാറി പുതിയ പരീക്ഷണത്തിന് റെയിൽവേ ഇന്നലെ തുടക്കം കുറിച്ചു. പശ്ചിമ റെയിൽവേയാണ് വന്ദേഭാരത് എക്സ്പ്രസ് സിനിമയുടെ ചിത്രീകരണത്തിന് അനുമതി നൽകി യാത്രക്കാരെപ്പോലും അത്ഭുതപ്പെടുത്തിയത്.
മുംബൈ സെൻട്രൽ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ആയിരുന്നു വന്ദേഭാരതിൽ സിനിമാ ഷൂട്ടിംഗ് നടന്നത്. ഇതിനായി റെയിൽവേ സിനിമാ പ്രവർത്തകർക്ക് കൈമാറിയത് മുംബൈ – അഹമ്മദാബാദ് റൂട്ടിൽ ഓടുന്ന വണ്ടിയായിരുന്നു. ഓൺ സ്ക്രീനിൽ വന്ദേഭാരത് എക്സ്പ്രസിന്റെ അരങ്ങേറ്റം എന്നാണ് റെയിൽവേ അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്.
ട്രെയിൻ ഷൂട്ടിംഗിനായി വാടകയ്ക്ക് നൽകിയ ഇനത്തിൽ റെയിൽവേയ്ക്ക് ലഭിച്ചത് 23 ലക്ഷം രൂപയാണ്. റെയിൽവേയുടെ കണക്കിൽ ഇത് ടിക്കറ്റ് ഇതര വരുമാനമാണ്. വണ്ടിയുടെ ഒരു ദിവസത്തെ സർവീസിൽ ലഭിക്കുന്നത് 20 ലക്ഷം രൂപയാണ്. അങ്ങനെ നോക്കുമ്പോൾ ഓടാതെ തന്നെ ഒറ്റ ദിവസം ലാഭമായി ലഭിച്ചത് 23ലക്ഷം രൂപ. സിനിമാ ചിത്രീകരണം സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതർ നൽകിയതുമില്ല.
അറ്റകുറ്റപ്പണികൾക്കായി ഈ വണ്ടി ഇന്നലെ സർവീസ് നടത്തില്ല എന്ന അറിയിപ്പ് മാത്രമാണ് പശ്ചിമ റെയിൽവേ അധികൃതർ നൽകിയത്.
രാജ്യത്ത് നിശ്ചിത മാർഗനിർദേശങ്ങൾക്ക് അനുസരിച്ചും വ്യവസ്ഥകൾക്ക് വിധേയമായും ട്രെയിനുകൾ, സ്റ്റേഷനുകൾ, റെയിൽവേ പരിസരങ്ങൾ എന്നിവ വാടകയ്ക്ക് നൽകാറുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഒരു വന്ദേ ഭാരത് എക്സ്പ്രസിൽ സിനിമ ചിത്രീകരിക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സമാനമായ അനുമതികൾ ഇനിയും നൽകാനാണ് റെയിൽവേ തീരുമാനം.
ഇത്തരം സിനിമാ ഷൂട്ടുകൾ യാത്രാക്കൂലി ഇതര വരുമാനത്തിൽ ഗണ്യമായ വർധന ഉണ്ടാക്കുമന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇങ്ങനെയുള്ള അധിക വരുമാനങ്ങൾ റെയിൽവേയുടെ ആസ്തികളും സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് ഉപയോഗിക്കും. വാണിജ്യ അടിസ്ഥാനത്തിലുള്ള ഷൂട്ടിംഗിന് അനുമതി നൽകാൻ അതിവേഗ പ്രക്രിയയ്ക്കായി ഏകജാലക സംവിധാനമാണ് റെയിൽവേ പിന്തുടരുന്നത്. ഷൂട്ടിംഗിനായി റെയിൽവേ ഉപയോഗിക്കണമെന്ന അഭ്യർഥനയും അധികൃതർ മുന്നോട്ട് വച്ചിട്ടുണ്ട്.
തീവണ്ടികളുമായി ഇന്ത്യൻ ജനതയ്ക്ക് വളരെ വൈകാരികമായ ബന്ധമാണുള്ളത്. വിഷ്വൽ സ്റ്റോറികൾക്ക് റിയലിസ്റ്റിക് അനുഭവം നൽകുന്നതിനാൽ സിനിമകളിൽ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾ പ്രദർശിപ്പിക്കുന്നത് ഇരു കൂട്ടർക്കും പ്രയോജനകരമാണെന്ന വിലയിരുത്തലിലാണ് റെയിൽവേ. പശ്ചിമ റെയിൽവേ ഈ സാമ്പത്തിക വർഷം സിനിമാ ഷൂട്ടിംഗിൽ നിന്ന് ഒരു കോടിയിലധികം രൂപ ടിക്കറ്റ് ഇതര വരുമാനമായി നേടിയിട്ടുമുണ്ട്.
എസ്.ആർ. സുധീർ കുമാർ