കൊല്ലം: രാജ്യത്ത് വിവിധ റൂട്ടുകളിലായി 12 പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. പുതുതായി അനുവദിച്ചതിൽ ഒന്നു പോലും കേരളത്തിന് ഇല്ല. ഇത് കേരളത്തിന്റെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി.എല്ലാ സർവീസുകളും പ്രധാനമന്ത്രി നരേന്ദ്രമോദി 12-ന് വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും.
ഇതു സംബന്ധിച്ച റെയിൽവേ മന്ത്രാലയത്തിന്റെ അടിയന്തര നിർദേശം ഇന്നലെ എല്ലാ സോൺ ജനറൽ മാനേജർമാർക്കും ഡിവിഷണൽ റെയിൽവേ മാനേജർമാർക്കും ലഭിച്ചു. ഉദ്ഘാടനത്തിനുള്ള തയാറെടുപ്പുകൾ ധൃതഗതിയിൽ നടത്താനും നിർദേശത്തിൽ പറയുന്നു.അതേസമയം ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ ദീർഘിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും 12- ന് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്ന് സൂചനകളുണ്ട്.
ഇതിന് മുന്നോടിയായുള്ള കാസർഗോഡ് – മംഗളൂരു റൂട്ടിലെ ട്രയൽ റൺ അടുത്ത ദിവസം നടക്കും. ഈ വണ്ടി മംഗളൂരുവരെ നീട്ടിക്കൊണ്ടുള്ള റെയിൽവേ ബോർഡിന്റെ ഉത്തരവ് രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയിരുന്നു.അഹമ്മദാബാദ് – മുംബൈ, കോലാപ്പൂർ – മുംബൈ, സെക്കന്ദരാബാദ് – പൂനെ, സെക്കന്ദരാബാദ് – വിശാഖപട്ടണം, പുരി – വിശാഖപട്ടണം, മൈസൂരു- എംജിആർ ചെന്നൈ, ന്യൂ ജൽപായ്ഗിരി – രാജേന്ദ്രനഗർ ടെർമിനസ് പറ്റ്ന, രാജേന്ദ്രനഗർ ടെർമിനസ് പറ്റ്ന – ലക്നൗ ജംഗ്ഷൻ, റാഞ്ചി – ബനാറസ്, ബംഗളുരൂ – കൽബുർഗി, പൂനെ – വഡോദര, ഹസ്രത്ത് നിസാമുദീൻ – ഖജുരാവോ എന്നീ റൂട്ടുകളിലാണ് ഇപ്പോൾ വന്ദേഭാരത് എക്സ്പ്രസുകൾ അനുവദിച്ചിട്ടുള്ളത്.
എന്നാൽ നിലവിൽ അഹമ്മദാബാദ് – മുംബൈ, സെക്കന്ദരാബാദ് – വിശാഖപട്ടണം, മൈസുരു -ചെന്നൈ റൂട്ടുകളിൽ വന്ദേഭാരത് എക്സ്പ്രസുകൾ സർവീസ് നടത്തുന്നുണ്ട്.കേരളത്തിന് എറണാകുളം – ബംഗളുരു റൂട്ടിൽ മൂന്നാം വന്ദേഭാരത് അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതിന് തടയിടാൻ ടൂറിസ്റ്റ് ബസ് ലോബി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു എന്നു വേണം കരുതാൻ.
എസ്.ആർ. സുധീർ കുമാർ