കൊല്ലം: സംസ്ഥാനത്തിനു മൂന്നാമതൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. സാങ്കേതിക തടസങ്ങൾ ഒന്നുമില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പു വന്ദേഭാരതിന് അനുമതി ലഭിച്ചേക്കുമെന്നാണ് സൂചനകൾ.
ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) യിൽനിന്ന് ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച പുതിയ വന്ദേ ഭാരത് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തും എന്നാണ് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഐസിഎഫ് വന്ദേ ഭാരത് തീവണ്ടികൾ ആറ് സോണുകൾക്കായി അനുവദിച്ചിരുന്നു. ദക്ഷിണ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്നതിന്റെ അവസാന വട്ട കാര്യങ്ങളിലേക്ക് റെയിൽവേ കടക്കുന്നു എന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചനകൾ.
തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവ ആയിരിക്കും സ്റ്റോപ്പുകൾ എന്നാണ് വിവരം. ഇപ്പോൾ സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് സർവീസുകൾക്കും വൻ സ്വീകാര്യതയാണ് യാത്രക്കാരിൽ നിന്നു ലഭിക്കുന്നത്.
രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളിൽ പാസഞ്ചർ ഒക്യുപൻസിയിൽ ഈ രണ്ട് വണ്ടികളും ഏറെ മുന്നിലാണ്. ഇതു പരിഗണിച്ചാണ് ബംഗളൂരു- എറണാകുളം വന്ദേ ഭാരതിനെക്കുറിച്ച് റെയിൽവേ ബോർഡ് ഗൗരവമായി ആലോചിക്കുന്നത്.
എറണാകുളത്തിന് പകരം ബംഗളൂരു-കൊച്ചുവേളി അല്ലെങ്കിൽ ബംഗളൂരു-തിരുവനന്തപുരം എന്നീ റൂട്ടുകളും പരിഗണനയിലുണ്ട്.
എസ്.ആർ. സുധീർ കുമാർ