കൊല്ലം: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസ് സംസ്ഥാനത്തിന് നഷ്ടമായേക്കും. എറണാകുളം – ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാം വന്ദേഭാരത് കേരളത്തിന് അനുവദിച്ചത്. ഇതിനായി എട്ട് കോച്ചുകൾ ഉള്ള വന്ദേഭാരത് എക്സ്പ്രസ് കൊല്ലത്ത് എത്തിക്കുകയും ചെയ്തു.
എന്നാൽ ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടൽ കാരണം വണ്ടി സർവീസ് ആരംഭിച്ചതുമില്ല. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി റൂട്ട് നിശ്ചയിക്കുന്നത് അടക്കമുള്ള കാര്യത്തിൽ വലിയ തടസങ്ങളാണ് ഉദ്യോഗസ്ഥർ നിരത്തിയത്.കൊല്ലത്ത് വന്നു കിടന്ന വന്ദേഭാരത് എക്സ്പ്രസ് നാല് മാസത്തെ വിശ്രമത്തിന് ശേഷം വൺവേ സ്പെഷലായി ഇന്ന് കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേയ്ക്ക് യാത്ര തിരിച്ചു. ഇതിന് മുന്നോടിയായി പ്രസ്തുത ട്രെയിനിനെ ശനി വൈകുന്നേരം കൊല്ലത്ത് നിന്ന് കൊച്ചുവേളിയിൽ എത്തിക്കുകയുണ്ടായി.
കൊച്ചുവേളിയിൽ നിന്നുള്ള വൺവേ സ്പെഷലിന്റെ റൂട്ട് കോട്ടയം വഴിയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ കൊച്ചുവേളി – കോട്ടയം റൂട്ടിൽ വണ്ടിയുടെ പരീക്ഷണ ഓട്ടവും അധികൃതർ നടത്തുകയുണ്ടായി. വൺവേ വന്ദേഭാരത് എന്ന പേരിൽ മംഗലാപുരത്ത് എത്തിക്കുന്ന വണ്ടി താത്ക്കാലികമായി മറ്റൊരു സർവീസ് നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
മംഗളുരൂ – ഗോവ വന്ദേഭാരത് എക്സ്പ്രസിന്റെ റേക്കുകൾ അറ്റകുറ്റപ്പണികൾക്കായി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. പകരമായി കൊച്ചുവേളിയിൽ നിന്ന് എത്തിച്ച എട്ട് കോച്ചുകൾ ഉള്ള വന്ദേഭാരത് ഈ റൂട്ടിൽ ഓടിക്കാനാണ് അധികൃതരുടെ തീരുമാനം. വണ്ടി കൊല്ലത്ത് നിന്ന് മംഗളുരുവിന് കൊണ്ടുപോകുമ്പോൾ കേരളത്തിൽ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ റെയിൽവേ ഇക്കാര്യത്തിൽ അതീവ രഹസ്യമായും ബുദ്ധിപരവുമായ തീരുമാനമാണ് എടുത്തത്.
അവധിക്കാല തിരക്ക് ഒഴിവാക്കാൻ കൊച്ചുവേളിയിൽ നിന്ന് മംഗളുരുവിലേയ്ക്ക് വൺവേ സ്പെഷൽ ആരംഭിക്കുന്നു എന്നാണ് റെയിൽവേ നൽകിയ അറിയിപ്പ്. സമാനമായ തിരക്ക് തിരികെയുള്ള റൂട്ടിലുമുണ്ട്. പക്ഷേ ഇതേപ്പറ്റി ദക്ഷിണ റെയിൽവേ അധികൃതർ മൗനം പാലിക്കുകയാണ്.
വൺവേ സ്പെഷൽ എന്ന ഓമനപ്പേരിൻ്റെ മറവിൽ വണ്ടിയെ മംഗളുരുവിൽ എത്തിക്കുക എന്ന അധികൃതരുടെ ഗൂഢലക്ഷ്യം ഇതുവഴി വളരെ എളുപ്പം സാധിച്ചു എന്നു വേണം കരുതാൻ. എംപിമാർ അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കിൽ മൂന്നാം വന്ദേഭാരത് കേരളത്തിന് നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്.
എസ്.ആർ. സുധീർ കുമാർ