കൊല്ലം: രാത്രിയാത്രകൾക്കായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ അനാഛാദനം ചെയ്തു. കമ്മീഷനിംഗ് ഉടൻ ഉണ്ടാകുമെങ്കിലും 2025 ജനുവരി മധ്യത്തോടെ സർവീസിന് സജ്ജമാകുമെന്നാണ് സൂചനകൾ.ചെന്നെയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ കഴിഞ്ഞ ദിവസമാണ് സ്ലീപ്പർ പതിപ്പിന്റെ പ്രോട്ടോടൈപ്പ് അനാവരണം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ റെയിൽവേ മന്ത്രാലയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
കോച്ചുകൾ കർശന പരിശോധനയ്ക്കും സുരക്ഷാ പരീക്ഷണങ്ങൾക്കുമായി ലക്നൗവിലെ റിസർച്ച് ഡിസൈൻ ആൻ്റ് സ്റ്റാൻഡാർഡ് ഓർഗനൈസേഷനിൽ (ആർഡിഎസ്ഒ) അയക്കും. നവംബർ 15-നകം കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.കോച്ചുകളുടെ നിർമാണ ചുമതല ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനായിരുന്നു.
ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെ എൻജിനീയർമാരാണ് ഇവ രൂപകൽപ്പന ചെയ്തത്. പൂർണമായും ശീതീകരിച്ച 16 കോച്ചുകളാണ് വന്ദേ സ്ലീപ്പറിൽ ഉള്ളത്. 11 ത്രീ ടയർ, നാല് ടൂ ടയർ, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.823 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഒരു ട്രെയിനിൻ്റെ നിർമാണ ചെലവ് 120 കോടി രൂപയാണ്.
കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം, മുമ്പിലും വശങ്ങളിലും ക്രാഷ് ബഫറുകൾ, നൂതന അഗ്നിശമന സംവിധാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.എളുപ്പത്തിൽ പ്രവേശിക്കാനുള്ള ഗോവണി സൗകര്യം, ആധുനിക ടോയ്ലറ്റ് സംവിധാനങ്ങൾ, മെച്ചപ്പെട്ട എയർ കണ്ടീഷനിംഗ്, സീറ്റ് തലയണകളിൽ നൂതന സുഖസൗകര്യങ്ങൾ എന്നിവയും വന്ദേ സ്ലീപ്പർ കോച്ചുകളുടെ സവിശേഷതകളാണ്.
2025 ജനുവരി ആദ്യ വാരം പരീക്ഷണ ഓട്ടം നടത്താനാണ് തീരുമാനം. 90 കിലോമീറ്ററിൽ തുടങ്ങി 180 കിലോമീറ്റർ വേഗതയിൽ വരെ ട്രയൽ റൺ നടത്താനാണ് പദ്ധതിയിട്ടുള്ളത്.നിലവിൽ സീറ്റുകൾ മാത്രമുള്ള 78 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ഇതിൽ ഭൂരിഭാഗവും ഇൻ്റർസിറ്റി സർവീസുകളാണ്. വന്ദേ സ്ലീപ്പർ കൂടി വരുന്നതോടെ റെയിൽവേ വികസന രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.
എസ്.ആർ. സുധീർ കുമാർ