കോട്ടയം: വെള്ളൂര്‍ മുതല്‍ ചങ്ങനാശേരി വരെ ജില്ലയിലെ 51 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാതയിലൂടെ വന്ദേഭാരത് 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാനുള്ള തയാറെടുപ്പിലാണ്.
ചെറിയ ദൂരമാണെങ്കിലും വലിയ മൂന്നു വളവുകളും അഞ്ച് ഇടത്തരം വളവുകളും പന്ത്രണ്ട് ചെറുവളവുകളും നിവര്‍ത്തിയെടുക്കണം. വൈക്കം, കടുത്തുരുത്തി, കോട്ടയം, കുറിച്ചി, ചിങ്ങവനം എന്നിവിടങ്ങളിലാണ് വളവു നിവര്‍ത്താനുള്ളത്.
നിസാരമെന്നു തോന്നാവുന്ന ചില വളവുകള്‍ പാലങ്ങളോടു ചേര്‍ന്നാണ്. 2025ല്‍ വന്ദേഭാരത് 130 കിലോമീറ്ററും എക്സ്പ്രസ് സൂപ്പര്‍ എക്സ്പ്രസുകള്‍ 110 കിലോമീറ്ററും പാസഞ്ചര്‍ 90 കിലോമീറ്ററും വേഗം കൈവരിക്കുകയാണ് ലക്ഷ്യം.
പാത നവീകരണത്തിന്റെ പ്രാരംഭ സര്‍വേ കഴിഞ്ഞു. അകലം അതികൃത്യമായി നിര്‍ണയിക്കുന്ന ലിഡാര്‍ സാങ്കേതിക സര്‍വേ ഉടന്‍ തുടങ്ങും. 130 കിലോമീറ്ററില്‍നിന്ന് 2028ല്‍ വേഗം 130ഉം 2030ല്‍ 160ഉം കിലോമീറ്ററായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ വളവുകള്‍ നിവര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് വെള്ളൂര്‍- ചങ്ങനാശേരി കോട്ടയം ജില്ലാ റെയില്‍പാതയുടെ വളവുകളില്ലാതാക്കുന്നത്.
ഭൂമിയേറ്റെടുക്കാതെ പണി തുടങ്ങാനാകുന്ന ചെറിയ വളവുകളാണ് ആദ്യം നിവര്‍ത്തുക. പോരാത്തത് പ്രതിഫലം നല്കി സ്ഥലം ഏറ്റെടുക്കും. മെഷീന് ഉപയോഗിച്ചു ട്രാക്കിന്റെ അലൈന്മെന്റ് കൃത്യമാക്കുന്നതിന് റെയില്‍വെ ഡിവിഷനിലെ എന്‍ജിനീയറിംഗ് വിഭാഗം കരാര്‍ ക്ഷണിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ വന്ദേഭാരത് അഞ്ചര മണിക്കൂറില്‍ കുതിച്ചെത്താനുള്ള സ്വപ്നപദ്ധതി ഒട്ടും വൈകില്ല. കോട്ടയം സ്റ്റേഷനില്‍ സ്റ്റോപ്പ് ഉള്‍പ്പെടെ 22 മിനിറ്റിനുള്ളില്‍ വന്ദേഭാരത് കോട്ടയം ജില്ല കടന്നുപോകും.
തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി എറണാകുളം വരെ 70 കിലോമീറ്ററാണ് വന്ദേഭാരതിന്റെ നിലവിലെ ശരാശരി വേഗം. 160 കിലോമീറ്റര്‍ വേഗമെടുക്കാവുന്ന ഈ ട്രെയിന്‍, പകുതിയില്‍ താഴെ വേഗതയിലാണ് നിലവില്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരില്‍ നിന്ന് കാസര്‍ഗോട്ടേക്ക് 110 കിലോമീറ്റര്‍ വരെ വേഗത്തിൽ സഞ്ചരിക്കുന്നുണ്ട്.