പാലക്കാട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയുടെ വാതില്‍ അടച്ച് യുവാവ് അകത്തിരുന്ന സംഭവത്തില്‍ റെയില്‍വേയ്ക്ക് നഷ്ടം ഒരുലക്ഷം രൂപ.
രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപയാണ് വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവന്‍സ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയിരിക്കുന്നത്. കൂടാതെ യുവാവ് കാരണം ട്രെയിന്‍ 20 മിനിട്ട് വൈകിയെന്നും റെയില്‍വേ അറിയിച്ചു.
കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ ഉപ്പള സ്വദേശി ശരൺ ആണ് കയറിയിരുന്നത്. വാതിൽ അകത്തു നിന്ന് അടച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റ് യാത്രക്കാര്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കില്‍ ശരണ്‍ തയാറായില്ല. ഇതോടെ യാത്രക്കാര്‍ വിവരം ആര്‍പിഎഫിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ വച്ചും കോഴിക്കോട് വച്ചും ഇയാളെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വാതില്‍ അകത്ത് നിന്ന് കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാള്‍ അകത്തിരുന്നത്. ട്രെയിന്‍ ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോഴാണ് റെയില്‍വെ മെക്കാനിക്കല്‍ വിഭാഗവും ആര്‍പിഎഫും പൊലീസും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഇയാളെ പുറത്തിറക്കിയത്. ശരണിന്റെ ശരീരത്തില്‍ പരുക്കേറ്റ പാടുകളുണ്ടായിരുന്നു.