ബംഗളൂരു: വന്ദേഭാരത് ട്രെയിനുകൾക്കു കർണാടകയിൽ ഒറ്റദിവസം മൂന്നിടങ്ങളിൽ കല്ലേറ്. ബംഗളൂരു-ധാർവാഡ്, ധാർവാഡ്-ബംഗളൂരു, മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനുകൾക്കുനേരേയാണു മൂന്നിടങ്ങളിൽ കല്ലേറുണ്ടായത്. ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലെ സ്ഥലങ്ങളിൽ ഞായറാഴ്ച നടന്ന കല്ലേറിൽ കോച്ചുകളുടെ ഗ്ലാസുകൾ തകർന്നെങ്കിലും യാത്രക്കാർക്കു പരിക്കില്ല.
ബംഗളൂരുവിൽനിന്നു ധാർവാഡിലേക്ക് പോവുകയായിരുന്ന വന്ദേഭാരതിനുനേരേ രാവിലെ 6.15നു ബംഗളൂരു ചിക്കബാനവാര സ്റ്റേഷന് സമീപത്തുനിന്നാണ് കല്ലേറുണ്ടായത്. സി6 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. ധാർവാഡിൽനിന്നു ബംഗളൂരുവിലേക്കു വരികയായിരുന്ന വന്ദേഭാരതിനുനേരേ വൈകിട്ട് 3.30നു ഹാവേരിക്ക് സമീപം ഹരിഹറിലായിരുന്നു രണ്ടാമത്തെ കല്ലേറുണ്ടായത്. സി5 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്.
മൈസൂരു-ചെന്നൈ വന്ദേഭാരതിനുനേരേ കർണാടക, ആന്ധ്ര അതിർത്തിയായ കുപ്പത്ത് വച്ച് വൈകിട്ട് 4.30നു കല്ലേറുണ്ടായി. സി4 കോച്ചിന്റെ ഗ്ലാസ് തകർന്നു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കല്ലെറിഞ്ഞവരെ പിടികൂടുമെന്ന് റെയിൽവേ സുരക്ഷ സേന ഐജി രമശങ്കർ പ്രസാദ് പറഞ്ഞു.