കൊല്ലം: ആലപ്പുഴ വഴി സർവീസ് നടത്തുന്ന 20631, 20632 കാസർഗോഡ് -തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനുകളുടെ സമയം മാറ്റാനാകില്ലെന്ന് റെയിൽവേ. വേണമെങ്കിൽ ഈ വണ്ടികളുടെ റൂട്ട് മാറ്റുന്ന കാര്യം ആലോചിക്കാമെന്ന് അധികൃതർ.
ജനപ്രതിനിധികളും യാത്രക്കാരും ആവശ്യപ്പെട്ടാൽ ഈ വണ്ടികൾ കോട്ടയം വഴി സർവീസ് നടത്തുന്നത് പരിഗണിക്കാമെന്ന് സതേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി. ഗുഗണേശൻ. അദ്ദേഹം ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളത്.
വന്ദേ ഭാരത് കടന്നുപോകുന്നത് കാരണം 06451 നമ്പർ എറണാകുളം-കായംകുളം പാസഞ്ചറും 06452 നമ്പർ ആലപ്പുഴ -എറണാകുളം പാസഞ്ചറും സ്ഥിരമായി വൈകുന്നു എന്ന പരാതിയിൽ കഴമ്പില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വന്ദേ ഭാരത് സർവീസ് ആരഭിക്കുന്നതിന് മുമ്പ് എറണാകുളം -കായംകുളം പാസഞ്ചറിന്റെ സമയ ക്ലിപ്തത 96 ശതമാനമായിരുന്നു. ഇപ്പോൾ അത് 94.73 ശതമാനമാണ്.
വന്ദേ ഭാരത് ഓടിത്തുടങ്ങുന്നതിന് മുമ്പ് ആലപ്പുഴ-എറണാകുളം പാസഞ്ചറിന്റെ സമയ ക്ലിപ്തത 86.66 ശതമാനമായിരുന്നു. ഇപ്പോൾ അത് 89.47 ശതമാനത്തിൽ എത്തി നിൽക്കുന്നു. ഇതിൽ കാര്യമായ മാറ്റമൊന്നും ഇല്ല എന്നാണ് അവകാശവാദം.
എസ്.ആർ. സുധീർ കുമാർ