പറവൂർ: വണ്ടിച്ചെക്ക് നൽകി നിർധന കുടുംബത്തിന്റെ വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. മൂത്തക്കുന്നം വില്ലേജിൽ ചെട്ടിക്കാട് പള്ളത്തുശേരി ആന്റണി അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഏഴര സെന്റ് സ്ഥലവും വാർക്ക വീടും മടപ്ലാത്തുരുത്ത് സ്വദേശി വണ്ടിച്ചെക്ക് നല്കി സ്വന്തമാക്കിയെന്നാണ് പരാതി.
സ്ഥലവും വീടും അഞ്ചുലക്ഷം രൂപയ്ക്കു വാങ്ങാമെന്നു സമ്മതിച്ചതിനെത്തുടർന്നു 2008 മേയിൽ തീറ് നടത്തിക്കൊടുക്കാൻ ആന്റണി തയാറായിരുന്നു. 3,20,000 രൂപ പണമായി ആന്റണി കൈപ്പറ്റുകയും ചെയ്തു. പറവൂർ രജിസ്ട്രാർ ഓഫീസിൽ വസ്തു രജിസ്റ്റർ ചെയ്യുന്നതിനായി നടപടികൾ പൂർത്തിയാക്കിയപ്പോൾ ബാക്കി തുകയായ 2,05,000 രൂപയ്ക്കു ചെക്ക് കൈമാറി.
ഈ ചെക്കുമായി പിന്നീടു ബാങ്കിലെത്തിയപ്പോൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. സ്ഥലം വാങ്ങിയയാൾ നിരവധി അവധികൾ പറഞ്ഞെങ്കിലും ആറുമാസം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. അതിനിടെ ചെക്കിന്റെ കാലാവധി കഴിഞ്ഞ അടുത്തദിവസം സ്ഥലം വാങ്ങിയയാൾ ആന്റണിക്ക് വക്കീൽ നോട്ടീസ് അയച്ചു.
ആന്റണി വീട്ടിൽനിന്ന് ഒഴിഞ്ഞു കൊടുക്കണമെന്നു കോടതിയിൽനിന്നു വിധിയുമുണ്ടായി. നാട്ടുകാർ സംഘടിച്ചു പ്രതിഷേധം ഉയർത്തിയതോടെ ഉത്തരവ് നടപ്പാക്കാനായില്ല. ഇതേത്തുടർന്ന് പോലീസിന്റെ സഹായത്തോടെ ഇന്നു വിധി നടപ്പാക്കണമെന്നു കോടതി നിർദേശിച്ചിരിക്കുകയാണ്. കോട്ടപ്പുറം മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയാണ് ആന്റണി.