മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ നായികമാരെ തേടി അന്യഭാഷകളിലേക്ക് പോകുന്ന പ്രവണതയാണ് പൊതുവെ. എന്നാല്‍ ശാലീനതയും, പക്വതയും, അഭിനയവും ഒത്തിണങ്ങിയ ലക്ഷണമൊത്ത നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയില്‍ സ്വപ്‌നതുല്യമായ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് വന്ദിത മനോഹരന്‍.
കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ നിന്നും മനസുനിറയെ സിനിമയുമായി കൊച്ചിയിലേക്കെത്തിയ വന്ദിത ഇപ്പോള്‍ മലയാളികളുടെ പ്രിയനായികമാരുടെ നിരയിലേക്കെത്താനുള്ള യാത്രയിലാണ്.
ആദ്യ ചിത്രത്തില്‍ത്തന്നെ തന്റെ ആരാധ്യപുരുഷനായ മമ്മൂട്ടിയുടെ നായികയാകാനുള്ള ഭാഗ്യം ലഭിച്ച വന്ദിതയുടെ വിശേഷങ്ങളിലേക്ക്…..
മിനിയിലേക്കുള്ള ദൂരം
മിനി എന്ന കഥാപാത്രം എന്റെ സ്വപ്‌നസാഫല്യമാണ്. മമ്മൂക്കയുടെ കട്ട ഫാനായ എനിക്ക് ആദ്യ ചിത്രത്തില്‍ തന്നെ അദ്ദേഹത്തിന്റെ നായികയാകാന്‍ കഴിഞ്ഞു. കലാസദന്‍ ഉല്ലാസ് എന്ന മമ്മൂക്കയുടെ കഥാപാത്രത്തിന്റെ ഭാര്യയാണ് മിനി.
കൂടാതെ ഒരു പെണ്‍കുട്ടിയുടെ അമ്മയുമായ മിനിക്ക് ചിത്രത്തില്‍ നല്ലവണ്ണം പെര്‍ഫോം ചെയ്യാനുണ്ടായിരുന്നു. എന്റെയും മമ്മൂക്കയുടെയും ചെറുപ്പകാലവും ഒരു ഗാനരംഗത്തില്‍ കടന്നു വരുന്നുണ്ട്. ഒരുപാട് തലങ്ങളുള്ള മികച്ച കഥാപാത്രമാണ് ഗാനഗന്ധര്‍വനിലെ മിനി.
മമ്മൂക്കയോടൊപ്പമുള്ള അഭിനയം
മമ്മൂക്ക എന്ന മഹാനടന്റെ വലിയൊരു ആരാധിക എന്നതിനപ്പുറം അദ്ദേഹവുമൊത്ത് സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലായിരുന്നു ഞാന്‍. മമ്മൂക്ക വളരെ കൂളാണ്.
നമ്മുടെ ടെന്‍ഷനൊക്ക മാറ്റി, സൗഹൃദപരമായാണ് അദ്ദേഹം പെരുമാറിയത്. അതുകൊണ്ടുതന്നെ അദ്ദേഹവുമൊത്തുള്ള സീനുകള്‍ അഭിനയിക്കുന്നതില്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. നല്ലൊരു അനുഭവമായിരുന്നു അത്.
? ആദ്യചിത്രം തന്നെ വലിയൊരു സിനിമയില്‍… ഭയമുണ്ടായിരുന്നോ…
തീര്‍ച്ചയായും. തുടക്കകാരിയെന്ന നിലയില്‍ അത്ര വലിയ ഒരു ടീമായിരുന്നു ഗാനഗന്ധര്‍വന്‍േറത്. മുതിര്‍ന്ന അഭിനേതാക്കള്‍, അഴഗപ്പന്‍ സാറിനെ പോലെ മുതിര്‍ന്ന കാമറ പേഴ്‌സണ്‍.
എന്നിരുന്നാലും മമ്മൂക്ക അടക്കമുള്ളവര്‍ വളരെ ഫ്രണ്ട്‌ലിയായി ഇടപെതുകൊണ്ടു തന്നെ പേടിയൊക്കെ വളരെ പെെട്ടന്ന് മാറി.
മിനിക്കുവേണ്ടിയുള്ള തയാറെടുപ്പുകള്‍
ഞാന്‍ ആദ്യം പറഞ്ഞതുപോലെ തന്നെ ഒരുപാട് അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നു മിനി. എന്റെ പ്രായത്തിനേക്കാളും പക്വത ആവശ്യമുള്ള കഥാപാത്രം.
മിനിക്കു വേണ്ടി ശരീരഭാഷയും, സംസാര രീതിയും ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നു. കുറച്ച് തടി കൂട്ടി. പിന്നെ സിങ്ക് സൗണ്ടാണ് പടത്തില്‍ ഉപയോഗിച്ചത്. അതിനുവേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് രമേഷേനും മമ്മൂക്കയും പറഞ്ഞു തന്നു.
പഴയകാല പ്രണയവും പടത്തില്‍ കാണിക്കുന്നുണ്ട്. രണ്ട് വേരിയേഷനിലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചൊക്കെ ഒരു ധാരണ ഉണ്ടാക്കിയിരുന്നു.
? ചിത്രത്തില്‍ ഒരുപാട് അഭിനയ മൂഹൂര്‍ത്തങ്ങള്‍ ഉണ്ടല്ലോ… പ്രത്യേകിച്ച് സെന്റിമെന്റ്‌സ് രംഗങ്ങള്‍… എങ്ങനെ കൈകാര്യം ചെയ്തു
മിനി എന്ന കഥാപാത്രമായി മാറുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ആ കഥാപാത്രത്തിന്റെ ഇമോഷന്‍ എന്താകുമെന്ന് ചിന്തിച്ച് ചെയ്യുകയായിരുന്നു.
പിന്നെ രമേഷേനടക്കമുള്ളവര്‍ ഫുള്‍ സപ്പോര്‍ട്ടായിരുന്നു. അങ്ങനെ ഭാഗ്യത്തിന് അതൊക്കെ നന്നായിവന്നുവെന്നാണ് വിശ്വസിക്കുന്നത്.
? ആദ്യ ചിത്രത്തില്‍ തന്നെ ഒരു വീട്ടമ്മയുടെ വേഷം. കൂടാതെ മുതിര്‍ന്ന ഒരു പെണ്‍കുട്ടിയുടെ അമ്മയും. ഇത്തരത്തില്‍ ഒരു വേഷം ആദ്യചിത്രത്തില്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും ടെന്‍ഷനുണ്ടായിരുന്നോ
അങ്ങനെ ഒന്നും ചിന്തിച്ചിില്ല. ഒന്നാമത്തെ കാരണം മമ്മൂക്കയുടെ നായികാവേഷം എന്നതുതന്നെയാണ്. പിന്നെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ കിട്ടിയ അവസരം.
മുതിര്‍ന്ന താരങ്ങളും ടെക്‌നീഷ്യന്‍സും. ഇതിന്റെ ഒരു എക്‌സൈറ്റ്‌മെന്റിലായിരുന്നു ഞാന്‍.
രമേഷ് പിഷാരടി എന്ന സംവിധായകന്‍
ഒരുപാട് സ്റ്റേജ് ഷോകളിലൂടെയും ബഡായി ബംഗ്ലാവ് പ്രോഗ്രാമിലൂടെയും രമേഷേട്ടന്‍ നമ്മുടെ വീിലെ ഒരംഗത്തെ പോലെയാണല്ലോ. പെട്ടെന്നൊരു ദിവസം കാസ്റ്റിംഗ് കോള്‍ ഫോട്ടോസ് കണ്ടിട്ട് രമേഷേട്ടന്‍ തന്നെ നേരിട്ട് വിളിച്ച് ഓഡിഷന് വരണമെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായി.
പിന്നെ ഓഡിഷന്‍. അതില്‍ സെലക്ട് ആയി. നമ്മളെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നയാളാണ് അദ്ദേഹം. കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു തരും.
ഒരു ഡയറക്ടര്‍ എന്നതിലുപരി നല്ലൊരു സുഹൃത്തായാണ് അദ്ദേഹം പെരുമാറിയത്. നല്ലൊരു സംവിധായകനാണ് അദ്ദേഹം. നല്ലൊരു ഗൈഡും.
? ആദ്യമായി നായികയായ ചിത്രം തീയറ്ററില്‍ കണ്ടപ്പോള്‍ എന്തു തോന്നി
ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിലൊരാളായ മമ്മൂക്കയുടെ നായികയായി ഞാന്‍ അഭിനയിച്ച സിനിമ വീട്ടുകാരുടെയും സിനിമ പ്രവര്‍ത്തകരുടെയും കൂടെയാണ് കണ്ടത്.
പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലായിരുന്നു ഞാന്‍. ഒത്തിരി ഇഷ്ടത്തോടെയാണ് സിനിമ കണ്ടത്. പിന്നെ സിനിമയ്ക്ക് നല്ല പ്രതികരണം കിട്ടിയപ്പോള്‍ അതിലധികം സന്തോഷം.
? അഭിനയത്തില്‍ എന്തെങ്കിലും മുന്‍പരിചയമുണ്ടായിരുന്നോ
സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. കൊച്ചിയിലെ നിയോ ഫിലിം ഇന്‍സ്റ്റിറ്റിയൂിലെ പരിശീലനം ഒത്തിരി ഗുണം ചെയ്തു.
കുറെ കാസ്റ്റിംഗ് കോളുകളും ഓഡിഷനിലുമൊക്കെ പങ്കെടുത്തു. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെത്.
ആഗ്രഹിച്ചാല്‍ എന്തും നേടാം
നമ്മള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ എന്തും നേടിയെടുക്കാനാകും. നാട്ടിന്‍പുറത്തുനിന്നാണ് സിനിമയുടെ അതിശയ ലോകത്തേക്ക് ഞാന്‍ എത്തിയത്. സിനിമാമോഹം കേട്ടപ്പോള്‍ കുടുംബാംഗങ്ങളില്‍ ചിലരും നാട്ടുകാരുമൊക്കെ നിരുത്സാഹപ്പെടുത്തി.
പക്ഷേ അച്ഛന്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു. നല്ല വേഷങ്ങള്‍ക്കായി ഞാന്‍ ഒത്തിരി കാത്തിരുന്നു. മനസില്‍ ആഗ്രഹിച്ച സ്വപ്‌നം നേടിയെടുക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പെണ്‍കുട്ടിയായതുകൊണ്ട് സ്വപ്‌നങ്ങള്‍ ഒതുക്കിവയ്ക്കരുത്.
നമ്മുടെ കഴിവ് തെളിയിക്കാനുള്ള മേഖല ഏതെന്ന് നാം തന്നെ കണ്ടെത്തി അതു വളര്‍ത്തിയെടുക്കണം. എന്നെ എതിര്‍ത്തിരുന്നവരെല്ലാം ഇപ്പോള്‍ പിന്തുണയ്ക്കുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്.
കുടുംബം
അച്ഛന്‍ മനോഹരന്‍ ബിസിനസുകാരനാണ്. അമ്മ മഹിജ വീട്ടമ്മയും. ഏകസഹോദരി നമിത അധ്യാപികയാണ്. സ്‌കൂള്‍ വിദ്യാഭ്യാസം കണ്ണൂരിലാണ് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദത്തിന് പഠിക്കുന്നു.
ശരത്കുമാര്‍ ടി.എസ്