ആലപ്പുഴ: നഗരത്തിന്റെ വിവിധയിടങ്ങളിലായി വഴിയരികിൽ പാർക്ക് ചെയ്തിരുന്ന 10 വാഹനങ്ങൾ തകർത്ത നിലയിൽ. ആലപ്പുഴ നഗരത്തിന് പടിഞ്ഞാറൻ ഭാഗങ്ങളായ കർത്താളിപാലം, മുളക്കട ക്ഷേത്രത്തിന് സമീപം, മുപ്പാലത്തിന് സമീപം, ആറാട്ടുവഴി എന്നിവിടങ്ങളിലാണ് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ചുതകർത്ത നിലയിൽ കണ്ടെത്തിയത്. ബൈക്കുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവ തകർത്തവയിൽപ്പെടുന്നു.
കർത്താളി പാലത്തിന് വടക്കുഭാഗത്തായി മൂന്നുകാറുകളും മുപ്പാലത്തിന് സമീപം ഒരു ഓട്ടോറിക്ഷയും ബാപ്പുവൈദ്യർ ജംഗ്ഷന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ഒരു ടാക്സി കാറും വെള്ളാപ്പള്ളി എൽപി സ്കൂളിന് സമീപം ഒരു കാറും ആറാട്ടുവഴിയിൽ രണ്ടുകാറുകളുമാണ് തകർത്തത്.
തകർക്കപ്പെട്ട ഒരു കാറിൽ നിന്നും ഒരു ഹെൽമെറ്റ് കണ്ടെടുത്തു. ഹെൽമെറ്റുപയോഗിച്ചാവാം വാഹനങ്ങൾ അടിച്ചു തകർത്തതെന്ന് കരുതുന്നു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് ആലപ്പുഴ നോർത്ത് പോലീസ് അറിയിച്ചു.