വണ്ടിപ്പെരിയാർ: ക്രൂരമായ പീഡനങ്ങൾക്കുശേഷം ആറുവയസുകാരിയെ കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിനുമുന്പേ ഒന്നിനു പുറകെ ഒന്നായി മേഖലയിൽ പീഡനക്കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നു.
മൂന്നുവർഷമായി പ്രണയം നടിച്ചു 17-കാരിയെ പീഡിപ്പിച്ച കേസിൽ ഡൈമുക്ക് സ്വദേശി ശരണ്‍ രാജ് (28) നെതിരെ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസം ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെയാണ് പീഡനത്തിനിരയായ 17-കാരി പരാതി നൽകിയത്.
ജെസിബി ഓപ്പറേറ്ററായ പ്രതി ചെങ്കര സ്വദേശിയായ പെണ്‍കുട്ടിയുമായി ഫോണിലൂടെ പരിചയപ്പെട്ടത്തിനെത്തുടർന്ന് ഇരുവരും പ്രണയത്തിലായി.
പിന്നീട് അണക്കര എട്ടാംമൈലിൽ വീട് വാടകയ്ക്കെടുത്തു ഭാര്യാഭർത്താക്കൻമാരായി കഴിയുകയായിരുന്നു.
പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർക്ക് വിവരം അറിയാമായിരുന്നെങ്കിലും പെണ്‍കുട്ടിക്കു പ്രായപൂർത്തിയായശേഷം വിവാഹം നടത്താമെന്ന തീരുമാനത്തിലായിരുന്നു.
ഇതിനിടെയാണ് ഡൈമുക്ക് സ്വദേശിയായ 20-കാരിയുമായി യുവാവിന്റെ വിവാഹം നടന്നത്. ഈ കേസ് വണ്ടൻമേട് പോലീസ് സ്റ്റേഷനു കൈമാറി.
ഇതിന്റെ പിന്നാലെയാണ് പ്രണയം നടിച്ച് മറ്റൊരു 16-കാരിയെ പീഡിപ്പിച്ച കേസും പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പരാതിയിൽ വണ്ടിപ്പെരിയാർ മത്തായിമൊട്ട സ്വദേശി വിഷ്ണു (22)വി നെ പോലീസ് അറസ്റ്റുചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കുട്ടിയുമായി പ്രണയം നടിച്ചു കുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തെത്തി പീഡിപ്പിക്കുകയായിരുന്നു.
ഈസമയം ജോലി കഴിഞ്ഞ് കുട്ടിയുടെ അമ്മ വീട്ടിലെത്തുകയും ഇത് കാണുകയും തുടർന്ന് വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെയാണ് പ്രതി പിടിയിലായത്.
വണ്ടിപ്പെരിയാർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രം പകർത്തുകയും ചെയ്ത കേസിൽ 40-കാരൻ ഇവിടെ പിടിയിലായത്.