തൊടുപുഴ: വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി കുമളി 57-ാം മൈൽ പെരുവേലിപ്പറന്പിൽ ജോമോനു വധശിക്ഷ. പീരുമേട് 57-ാം മൈൽ വലിയവളവിനു താഴെ വള്ളോംപറന്പിൽ മോളി (55), മകൾ നീനു (22) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. വധശിക്ഷയ്ക്കു പുറമെ 30 കൊല്ലം കഠിന തടവിനും 50,000 രൂപ പിഴ ശിക്ഷയും വിധിച്ചു.
തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.കെ.സുജാതയാണു വിധി പ്രഖ്യാപിച്ചത്. ഈ കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം പുതുവലിൽ പുതുവൽതടത്തിൽ രാജേന്ദ്രനെ ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
2007 ഡിസംബർ രണ്ടിനു രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയെയും മകളെയും മാനഭംഗപ്പെടുത്തുകയും നിഷ്ഠുരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി ജോമോൻ ഇന്ത്യൻ ശിക്ഷാ നിയമം 449, 376, 302 എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി താൻ നിരപരാധിയാണെന്നും കേസിൽ തന്നെ വെറുതെ വിടണമെന്നും പ്രായമായ മാതാപിതാക്കളും ഭാര്യയും മക്കളുമുണ്ടെന്നും ബോധിപ്പിച്ചു. എന്നാൽ, പ്രതിക്കു മരണശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കേസിന്റെ പട്ടികയിൽപെടുന്നതാണ് ഇതെന്നും നിരപരാധികളായ രണ്ട് സ്ത്രീകളെ ഏഴു മാസം പ്രായമുള്ള കുഞ്ഞിനു മുന്നിൽ വച്ച് മൃഗീയമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതി ഇരകൾക്കു മേൽ 26ൽ പരം മുറിവുകൾ ഏല്പിച്ചതിന്റെയും വാരിയെല്ലുകൾ ചവിട്ടിയൊടിച്ച ശേഷം ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ സാക്ഷിയാക്കി മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കാര്യവും കോടതിയിൽ പറഞ്ഞു.
പ്രതികളുടെ ഇത്തരം പ്രവൃത്തികൾക്ക് മരണശിക്ഷയല്ലാതെ ലളിതമായ യാതൊരു ശിക്ഷയും കൊടുക്കരുതെന്നു വാദിച്ചു. സ്ത്രീകളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ തക്കതായ ശിക്ഷ തന്നെ കൊടുക്കണമെന്നു കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
പ്രതികൾ രണ്ടു പേരും ചേർന്നു മോളിയെയും മകൾ നീനുവിനെയും ബലാൽസംഗം ചെയ്യുന്നതിനായി വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ പ്രവേശിച്ചു തോർത്ത് കഴുത്തിലിട്ടു മുറുക്കി ബോധരഹിതയാക്കിയ ശേഷം ഇരുവരെയും ബലാത്സംഗം ചെയ്യുകയും എതിർത്തപ്പോൾ വാക്കത്തിക്കും കന്പിവടിക്കും വെട്ടിയും അടിച്ചും മാരകമായി മുറിപ്പെടുത്തിയും കാൽമുട്ട് കൊണ്ട് വാരിയെല്ലുകൾ തകർത്തു കൊലപ്പെടുത്തിയതിനു ശേഷവും തങ്ങളുടെ ക്രൂരപ്രവൃത്തികൾ തുടർന്നു എന്നായിരുന്നു കേസ്.