ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛന് കുത്തേറ്റു. കേസിലെ പ്രതിയായിരുന്ന അര്‍ജുന്റെ ബന്ധുവാണ് ആക്രമണം നടത്തിയത്.
വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും നിന്ന സ്ഥലത്തേയ്ക്ക് അര്‍ജുന്റെ പിതൃസഹോദരന് എത്തിയതിന് പിന്നാലെ കേസിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇവിടെനിന്ന് പിരിഞ്ഞുപോയ ശേഷം ഇയാള്‍ തിരികെ എത്തി കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ വണ്ടിപ്പെരിയാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആശുപത്രി പരിസരത്ത് പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇരുകൂട്ടരുടെയും വീടുകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
കേസിലെ പ്രതിയായ അര്‍ജുനെ തെളിവുകളുടെ അഭാവത്തില്‍ കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി വെറുതേ വിട്ടിരുന്നു. കേസന്വേഷണത്തില്‍ പോലീസ് വീഴ്ച ഉണ്ടായതായി വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.