ടി.പി. സന്തോഷ്കുമാർ
സ്ത്രീകൾ തനിച്ചു കഴിഞ്ഞിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകളെയും മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്കും വധശിക്ഷ ലഭിച്ചതോടെ ക്രൂരകൃത്യം നടത്തിയ രണ്ടു പ്രതികൾക്കും രണ്ടു ഘട്ടമായി വധ ശിക്ഷ ലഭിച്ച അപൂർവ കേസായി വണ്ടിപ്പെരിയാർ ഇരട്ട കൊലപാതകക്കേസ്.
ഏഴു മാസം മാത്രം പ്രായമായ കുഞ്ഞിന്റെ കണ്മുന്നിലാണ് അരും കൊല നടന്നതെന്നും കേസിന്റെ പ്രാധാന്യം വർധിപ്പിച്ചു. പ്രതികൾ സമൂഹത്തിനു തന്നെ ഭീഷണിയാകുമെന്ന് നിരീക്ഷിച്ചാണ് കോടതി രണ്ടാം പ്രതിക്കും വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതിക്കു നേരത്തെ ഹൈക്കോടതിയാണ് വധശിക്ഷ വിധിച്ചത്.
വണ്ടിപ്പെരിയാർ 57-ാം മൈലിൽ 55കാരിയായ അമ്മയെയും 22കാരിയായ മകളെയും കൊലപ്പെടുത്തിയ കേസിലാണ് രണ്ടാം പ്രതി ജോമോന് തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.കെ. സുജാത വധശിക്ഷ വിധിച്ചത്. ഈ കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം പുതുവലിൽ പുതുവൽതടത്തിൽ രാജേന്ദ്രനെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
കേസ് അപൂർവങ്ങളിൽ അപൂർവം
2007 ഡിസംബർ രണ്ടിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയേയും മകളെയും മാനഭംഗം ചെയ്യുകയും നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി ജോമോൻ ഇന്ത്യൻ ശിക്ഷാ നിയമം 449, 376, 302 എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്.
വിധി പ്രഖ്യാപിക്കുന്ന ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതി താൻ നിരപരാധിയാണെന്നും കേസിൽ തന്നെ വെറുതെ വിടണമെന്നും പ്രായമായ മാതാപിതാക്കളെ കൂടാതെ ഭാര്യയും മക്കളുമുണ്ടെന്നും ബോധിപ്പിച്ചു. എന്നാൽ പ്രതിക്ക് മരണശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കേസിന്റെ പട്ടികയിൽപെടുന്നതാണ് ഇതെന്നും നിരപരാധികളായ രണ്ട് സ്ത്രീകളെ ഏഴു മാസം പ്രായമുള്ള കുഞ്ഞിനു മുന്നിൽ വച്ച് മൃഗീയമായി മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതി ഇരകൾക്കു മേൽ 26ൽ പരം മുറിവുകൾ ഏല്പിച്ചതിന്റെയും വാരിയെല്ലുകൾ ചവിട്ടിയൊടിച്ചശേഷവും മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കാര്യവും കോടതിയിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ശരീരത്ത് 26 വെട്ടുകൾ ഉണ്ടായിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു.
കേസിൽ രണ്ടാം പ്രതി ജോമോന് വധശിക്ഷ വിധിക്കുന്നതിന് കോടതി ചൂണ്ടിക്കാട്ടിയതും ഇതായിരുന്നു. നിരാലംബരായ സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയതു കൂടാതെ ഏഴു മാസം പ്രായമായ കുഞ്ഞിനു മുന്നിലാണ് ക്രൂരത അരങ്ങേറിയതെന്നതും പ്രതി സമൂഹത്തിനു ഭീഷണിയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കൊലപാതകം, മാനഭംഗം, അതിക്രമിച്ചു കയറൽ എന്നി വകുപ്പുകളാണ് പ്രതിക്കു മേൽ ചുമത്തിയിരിക്കുന്നത്.
സമാനതകളില്ലാത്ത ക്രൂരത
സംഭവ ദിവസം രാവിലെ മുതൽ മദ്യപിച്ച പ്രതികൾ ഇരുവരെയും മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് രാത്രി ഇവർ കഴിയുന്ന വീട്ടിലെത്തിയത്. പകൽ യുവതി കുളിക്കുന്നതിനു സമീപത്തും മറ്റും ഇവർ ചുറ്റിക്കറങ്ങിയിരുന്നു. രാത്രി 11നു ശേംഷം വീട്ടിലെത്തിയ ഇവർ യുവതിയുടെ സഹോദരനെ പേരു ചൊല്ലി വിളിച്ചു കതക് തുറക്കാൻ ആവശ്യപ്പെട്ടു. സഹോദരൻ വീട്ടിലില്ലെന്ന് പറഞ്ഞ് യുവതി കതക് തുറന്നില്ല. തുടർന്ന് പ്രതികൾ കല്ലു കൊണ്ട് വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു.
അയയിൽ കിടന്ന തോർത്ത് ഉപയോഗിച്ച് കഴുത്തു മുറുക്കി ബോധരഹിതയാക്കിയ ശേഷം യുവതിയെ മാനഭംഗം ചെയ്തു. തുടർന്ന് കട്ടിലിൽ അസുഖം ബാധിച്ചു കിടന്ന യുവതിയുടെ അമ്മയെയും മാനഭംഗം ചെയ്തു. ഇതിനിടെ ബോധം തെളിഞ്ഞ യുവതി കന്പി വടിക്ക് രാജേന്ദ്രനെ അടിച്ചെങ്കിലും ഇതു പിടിച്ചു വാങ്ങി യുവതിയുടെ തലയ്ക്കടിച്ചു. പിന്നീട് വാക്കത്തിയും കന്പിവടി ഉപയോഗിച്ചും ഇരുവരെയും തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കാൽമുട്ടുകൾ കൊണ്ട് വാരിയെല്ലുകളും തകർത്തു. യുവതിയുടെ തിരിച്ചറിവില്ലാത്ത ഏഴു മാസം പ്രായമായ കുഞ്ഞിന്റെ മുന്നിലായിരുന്നു ക്രൂരത അരങ്ങേറിയത്.
കുഞ്ഞിന്റെ കരച്ചിൽ കൊടുംപാതകം പുറംലോകത്തെത്തിച്ചു
ഇരട്ടക്കൊലപാതകം നാടിനെ അറിയിച്ചത് അന്ന് ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞായിരുന്നു. വീടിനു സമീപത്തൂടെ പോയ അയൽവാസിയായ പെൺകുട്ടിയാണ് വിശന്നു കരയുന്ന കുഞ്ഞിന്റെ അടുക്കൽ ആദ്യമെത്തിയത്. രക്തത്തിലും ചാരത്തിലും പുരണ്ട നിലയിലായിരുന്നു കുഞ്ഞ്.
കുഞ്ഞിനെ പെൺകുട്ടി വീട്ടിൽ കൊണ്ടുപോയി കുളിപ്പിച്ച് വൃത്തിയാക്കിയ ശേഷം കുടുംബശ്രീ പ്രവർത്തകയായ തന്റെ മാതാവിനോട് വിവരം പറഞ്ഞു. തുടർന്ന് ഇവർ തന്നെ വണ്ടിപ്പെരിയാർ പോലീസിലും നാട്ടുകാരെയും വിവരം അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തി വീടിന്റെ വാതിൽ തുറന്ന് നോക്കുന്പോഴാണ് നാടിനെ നടുക്കിയ കൊടുംക്രൂരത പുറം ലോകം അറിയാനും ഇടം വന്നത്.
ആ കുരുന്നിന് ഇപ്പോൾ 11 വയസ്
അമ്മയുടെയും വല്ല്യമ്മയുടെയും ദാരുണ മരണത്തിനു ശേഷം കുഞ്ഞ് വല്ല്യമ്മയുടെ വീട്ടിൽ നിന്നാണ് വളരുന്നത്. ഇപ്പോൾ പ്രായം 11 ആയി. ഏഴുമാസം പ്രായത്തിൽ മാതാവിനെ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞിന്റെ നിലയ്ക്കാത്ത കരച്ചിൽ ആണ് നീണ്ട 11 വർഷത്തിനു ശേഷം നരാധമൻമാർക്ക് വധശിക്ഷ വിധിച്ച കോടതി വിധിയായി പുറത്തു വന്നിരിക്കുന്നത്.
ഒന്നാം പ്രതിക്ക് ഹൈക്കോടതി വിധിച്ചതും വധശിക്ഷ
ഒന്നാം പ്രതി രാജേന്ദ്രന് തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജിയായിരുന്ന ടി.യു. മാത്തുക്കുട്ടി 2012 ജൂണ് 20ന് വധശിക്ഷ വിധിച്ചിരുന്നു. രാജേന്ദ്രൻ പിന്നീട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വധശിക്ഷ കോടതി ശരി വയ്ക്കുകയായിരുന്നു. കേസു നടക്കുന്നതിനിടയിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ജോമോനെ പിന്നീട് അടിമാലിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. മുട്ടം ജില്ലാ ജയിലിൽ പ്രവേശിപ്പിച്ച പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റും.
നിസാര തെളിവ് ജോമോനെ കുടുക്കി
വധശിക്ഷയ്ക്കു വിധിച്ച ജോമോൻ വിചാരണയ്ക്കിടെ മുങ്ങിയതിനു ശേഷം പിടിയിലാകുന്നത് അഞ്ചു വർഷത്തിനു ശേഷം. കൊലനടത്തിയതിനു പോലീസ് പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ജോമോൻ പിന്നീട് അറസ്റ്റിലാകുന്നത് അടിമാലി ചിന്നാറിനടുത്തുള്ള തേക്ക് പ്ലാന്റേഷനിൽ ഒളിവിൽ കഴിയുന്നതിനിടെ ആയിരുന്നു. ഒന്നാം പ്രതി രാജേന്ദ്രനോടൊപ്പം അമ്മയെയും കൊലപ്പെടുത്തിയ ജോമോൻ പിടിയിലാകാൻ പ്രധാന കാരണം ഇയാൾ വലിച്ച ശേഷം വലിച്ചെറിഞ്ഞ ബീഡിക്കുറ്റിയായിരുന്നു.
സംഭവ സ്ഥലത്തു നിന്നു ശേഖരിച്ച ബീഡിക്കുറ്റി പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് അറസ്റ്റിലായ ജോമോന്റെ ഉമിനീരും രക്തവും ലാബിലയച്ചു നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇതു പ്രതി വലിച്ച ബീഡിയുടെ കുറ്റിയാണെന്ന് വ്യക്തമായി.
അറസ്റ്റ്വാറണ്ട് നില നിൽക്കെ പലപ്പോഴും ജോമോൻ വണ്ടിപ്പെരിയാർ ഉൾപ്പെടെയുള്ള മേഖലകളിലൂടെ ചുറ്റിക്കറങ്ങിയിരുന്നു. വണ്ടിപ്പെരിയാർ റാണിവേലിലെ ഭാര്യവീട്ടിൽ ഇയാൾ പതിവായി എത്തിയിരുന്നു. ചിന്നാറിനു സമീപം മാതാവിന്റെ വീട്ടിലും തൊടുപുഴ കാഞ്ഞിരമറ്റത്തെ മാതൃസഹോദരിയുടെ വീട്ടിലും ഉൾപ്പെടെ അഞ്ചു വർഷത്തോളമാണ് കേസ് നടക്കുന്നതിനിടയിൽ ഇയാൾ ഒളിവിൽ കഴിഞ്ഞത്.
കേസിലെ ഒന്നാം പ്രതി രാജേന്ദ്രനെ വധശിക്ഷയ്ക്ക് വിധിച്ച ദിവസം മദ്യം വാങ്ങാനായി പുറത്തിറങ്ങിയതും ജോമോന്റെ കുരുക്ക് മുറുകാൻ കാരണമായി. മുരിക്കാശേരിയിലെ വിദേശ മദ്യവിൽപ്പന ശാലയിൽ മദ്യം വാങ്ങാനായി ഇയാൾ ഓട്ടോയിൽ പോയിരുന്നു. പിറ്റേന്ന് രാജേന്ദ്രനെ വധശിക്ഷയ്ക്ക് വിധിച്ച പത്രവാർത്തയ്ക്കൊപ്പം ജോമോന്റെ ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു.
ചിത്രം കണ്ട മുരിക്കാശേരിയിലെ ഓട്ടോ ഡ്രൈവർമാരാണ് ഇയാളെ കുറിച്ച് മൂന്നാർ ഡിവൈഎസ്പിക്കു വിവരം നൽകിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയ്ക്കിടെ മുങ്ങിയ ജോമോൻ വിവിധ പാറമടകളിൽ ജോലി ചെയ്തു വരികയായിരുന്നു. അഞ്ചാം ക്ലാസ് വരെ പഠിച്ച ജോമോന് ട്രാക്ടർ ഓടിക്കലായിരുന്നു തൊഴിൽ.