ഇടുക്കി: വണ്ടിപ്പെരിയാറിൽ വീട്ടമ്മയെ തേയിലത്തോട്ടത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഡൈമുക്ക് പുന്നവേലി സ്വദേശിനി വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (70)യെ കൊലപ്പെടുത്തിയ കേസിൽ ഡൈമുക്ക് കന്നിമാർച്ചോലപുതുവലിൽ രതീഷ് (24)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച്ച ആറരയോടെയാണ് ഡൈമുക്ക് മൈതാനത്തിനു സമീപം വിജയമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരിൽ ചിലർ സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കൾ ഓടി മറയുന്നതു കണ്ടാണ് പ്രദേശം പരിശോധിച്ചപ്പോഴാണ് തേയില ചെടികളുടെ ഇടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
തലയിൽ ആഴത്തിൽ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നു. പീഡന ശ്രമം എതിർക്കുന്നതിനിടെ വിജയമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം. സംഭവസ്ഥലത്ത് നിന്ന് പോലീസിന് ലഭിച്ച മെബൈൽ ഫോണിന്റെ ഉടമയാണ് രതീഷ്.
തേയിലത്തോട്ടത്തിൽ വലിയ മരങ്ങളിൽ നിന്നും പക്ഷികളെ പിടികൂടുന്ന സംഘത്തിൽപ്പെട്ടയാളാണ് രതീഷ്. നേരത്തെ ഒരു പീഡനശ്രമക്കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. വിജയമ്മയുടെ മൃതദേഹം ഇന്നു കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക വിട്ടു നൽകും.