വണ്ടിപ്പെരിയാർ: ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടുതിനു പിന്നാലെ കോടതി വരാന്ത സാക്ഷിയായത് കുഞ്ഞിന്റെ മാതാപിതാക്കളുടെ നിലവിളിക്കാണ്. ‘എന്റെ കുഞ്ഞിനെ കൊന്നത് സത്യമാ, അവൾക്ക് നീതി കിട്ടിയില്ല’എന്നുറക്കെ അലമുറയിട്ട് കുഞ്ഞിന്റെ അമ്മയുടെ കരച്ചിൽ കേട്ട് നിൽക്കാൻ മാത്രമെ മറ്റുള്ളവർക്കായുള്ളു. 12 വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ നിർദാർഷണ്യം പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിയ പ്രതി അർജുൻ ഇന്ന് കോടതിക്ക് കുറ്റക്കാരനല്ല.
പ്രതിക്കെതിരെയുള്ള കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടികാട്ടി കോടതി പ്രതിയെ വെറുതെ വിട്ടു. കട്ടപ്പന അതിവേഗ സ്പെഷൽ കോടതി ജഡ്ജി വി. മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.
കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ഈ ഒരു ദിവസത്തിനു വേണ്ടി കണ്ണും നട്ട് അക്ഷമരായി കാത്തു നിന്ന മാതാപിതാക്കളെ തേടിയെത്തിയത് നെഞ്ച് പൊട്ടിയ വാർത്തയായിരുന്നു. അവൻ പുറത്തിറങ്ങി സന്തോഷമായി ജീവിക്കും ഞങ്ങൾക്ക് ഞങ്ങളുടെ പൊന്നോമനയെ നഷ്ടമായില്ലേ എന്ന ആ ആമ്മയുടെ ചോദ്യത്തിനു മുന്നിൽ ഉത്തരം നൽകാനാകാതെ മൗനം പാലിക്കാനെ ചുറ്റുമുള്ളവർക്കായുള്ളു. കാത്തിരുന്നു കിട്ടിയ പിഞ്ചോമനയെ ലാളിച്ച് കൊതി തീരും മുൻപ് നരാധമൻ അർജുന്റെ കറുത്ത കരങ്ങളാൽ മരണത്തിനു കീഴടങ്ങേണ്ടി വന്ന ആറു വയസുകാരിക്ക് പകരം വെക്കാൻ അവളുടെ അച്ഛനും അമ്മയ്ക്കും ഇനി ആരുമില്ല.
പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിധി മറ്റൊന്നായി.
2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിതൂക്കിയത്. കളിച്ചുകൊണ്ടിരുന്ന സമയത്ത് കുഞ്ഞിന്റെ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിന് ഇര ആയെന്ന് മനസിലായത്.
തുടർ അന്വേഷണത്തിലാണ് പ്രതി അർജുൻ ആണെന്ന് തിരിച്ചറിഞ്ഞത്. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയത്.
മൂന്നു വയസു മുതൽ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയം മുതലെടുത്താണ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചിരുന്നത്. പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു. എന്നാൽ കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിക്കാതെ വന്നതോടെയാണ് പ്രതിയെ വെറുതെ വിട്ടത്