വണ്ടിത്താവളം: ഒരു കോടിയോളം ചിലവഴിച്ച് വണ്ടിത്താവളം ടൗണിൽ നിർമ്മിച്ച ബസ് സ്റ്റാൻഡ് നാൽക്കാലികളുടെ മേച്ചിൽ സ്ഥലം. നിർമ്മാണം പൂർത്തിയായ സ്റ്റാൻഡ് മൂന്നുവർഷം മുന്പ് ഉദ്ഘാടനത്തിനു തിയതി നിശ്ചയിച്ചിരുന്നു. മുൻ എംഎൽഎ കെ. അച്യുതൻ ഉദ്ഘാടനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതേ തിയതിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനവും ഉണ്ടായി.
ഇതിനുശേഷം ഉൽഘാടനം നടത്തിയാൽ തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്നതിനാൽ മാറ്റിവെയ്ക്കുകയാണുണ്ടായത്. പിന്നീട് പലതവണ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായ തൊഴിച്ചാൽ തുടർ നടപടികൾ ഉണ്ടായില്ല. നിലവിൽ പശു, തെരുവുനായ എന്നിവയ്ക്ക് സ്റ്റാൻഡ് താവളമായിരിക്കുകയാണ്. കൂടാതെ ടൗണിലെത്തു സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ്ങിനും ഇത് ഉപകരിക്കുന്നു.
ടൗണിൽ കാലത്ത് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്ന സമയത്തും വിടുന്ന സമ യത്തും വാഹനഗതാഗത കുരുക്ക് അതീവ ദുഷ്ക്കമായിരിക്കുകയാണ്. 3000 ൽ കുടുതൽ വിദ്യാർത്ഥികളാ ണ് സ്കൂളിൽ പഠിക്കുന്നത്. തത്തമംഗലം, മീനാക്ഷിപുരം അന്തർസംസ്ഥാന പ്രധാന പാതയിൽ ചീറിപ്പായുന്ന ചരക്കുകടത്ത് വാഹനസഞ്ചാരത്തിനിടയിലൂടെ 3000 വിദ്യാർത്ഥികൾ കൂട്ടത്തോടെ റോഡിലിറങ്ങുന്നത് ഭീതിജനകമായിരിക്കുകയാണ്.
ബസ് സ്റ്റാൻഡ് ഉദ്ഘാടനം നടത്തിയാൽ വിദ്യാർത്ഥിൾക്ക് അതു വഴി സുഗമമായി സഞ്ചരിക്കാനും കഴിയും. പട്ടഞ്ചേരി പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിലെ ഏക വാണിജ്യകേന്ദ്രമായ വണ്ടിത്താവളം ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിന് യാത്രക്കാർ എത്താറുണ്ട്. ഇവർക്ക് ബസ് കാത്തു നിൽക്കുവാനോ മഴയത്ത് കയറി നിൽക്കുവാനോ സൗകര്യങ്ങളില്ല. അടിയന്തരമായി ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കണമെന്നാണ് ജനകീയ ആവശ്യം.