വണ്ടിത്താവളം: മൂലത്തറ ഇടതു കനാൽബണ്ടിൽ കാടുപിടിച്ചും വൃക്ഷങ്ങൾ വളർന്നും സ്ലാബുകൾ തകർന്ന് നാശം ഉണ്ടായിരിക്കുകയാണ്. 1977 ൽ മൂലത്തറ ഇടതു കനാൽ നിർമ്മിച്ച ശേഷം 42 കൊല്ലം കഴിഞ്ഞും ഫലപ്രദമായ സംരക്ഷണ ജോലികൾ നടന്നിട്ടില്ല.
കന്നിമാരി, കുറ്റിക്കൽച്ചള്ള, പാട്ടികുളം, ഏന്തൽപ്പാലം, വണ്ടിത്താവളം, ചുള്ളിപ്പെരുക്കമേട്, മൂപ്പൻകുളം, തുരിശുമൊക്ക്, തത്തമംഗലം പള്ളിമൊക്ക് ഉൾപ്പെടെ സ്ഥലങ്ങളിൽ കനാൽ ബണ്ട് തകർച്ചയിലാണ്. വർഷം തോറും താലൂക്കിലെ കനാലുകൾ പുനർനിർമ്മാണത്തിന് ബന്ധപ്പെട്ട ജലസേചന വകുപ്പ് കോടികൾ വാഗ്ദാനം നൽകുന്നുണ്ടെങ്കിലും ഇതൊന്നും പ്രാവർത്തികമാക്കാത്തതിൽ കർഷരോഷം നിലവിലവിലുണ്ട്.
കഴിഞ്ഞ വർഷം വണ്ടിത്താവളം പാറമേട്ടിൽ കനാൽ ബണ്ട് പത്തു മീറ്ററോളം പൊട്ടി വീടുകൾ, മദ്രസ സ്കൂൾ, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, കൊയ്യാറായ വയലുകൾ എന്നിവിടങ്ങളിലും കുത്തിയൊലിച്ചെത്തി ജലം സർവ്വനാശം വിതച്ചു.കനാൽ വെള്ളം ഇറക്കാതായതോടെ പുതുനഗരം, പെരുവെന്പ്, പല്ലശ്ശന, കൊടുവായൂർ , തത്തമംഗലം ഭാഗത്തേക്ക് വെള്ളം ലഭിക്കാതെ രണ്ടാം വിള ഭാഗികമായി നശിച്ചിരുന്നു.
പിന്നീട് മൂന്ന് മാസത്തിനു ശേഷമാണ് കനാൽ ബണ്ട് തകർന്നത് ശരിപ്പെടുത്തി ജലവിതരണം തുടങ്ങിയത്.എന്നാൽ വണ്ടിത്താവളം ഹൈസ്കൂളിനു പിൻഭാഗത്തെ ബണ്ട് ഏഴുമീറ്ററോളം തകർന്നു. സ്കൂളിനകത്ത് വെള്ളം കയറി ചുറ്റുമതിൽ തകർന്നിരുന്നു.
ജലസേചന വകുപ്പ് ജീവനക്കാരെത്തി സ്ഥലം പരിശോധിച്ച് മടങ്ങി ഒരു മാസം കഴിഞ്ഞും ബണ്ട് പുനർനിർമ്മാണത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. കനാലിൽ പൂർണ്ണതോതിൽ വെള്ളമിറക്കിയാൽ താൽക്കാലികമായി നിർമ്മിച്ച ചുറ്റുമതിലും സമീപത്തെ ടോയ്ലറ്റുകളും തകരും.