അമേരിക്കന്‍ യുവ സൈനികോദ്യോഗസ്ഥ വനേസ ഗുയിലെനെ കാണാതായ സംഭവത്തിൽ ദുരൂഹതയുടെ ചുരുളഴിഞ്ഞു. ഇവരെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഒടുവിൽ കണ്ടെത്തി. സംഭവത്തിൽ കൊലപാതകം നടത്തിയ റോബിൻസണിന്റെ കാമുകി സിസിലി അഗിലാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
വനേസ കാണാതായതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായ ആരോൺ ഡേവിഡ് റോബിൻസണിനെ പോലീസ് ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പോലീസ് എത്തുന്നതിന് മുന്‍പ് ഇയാൾ ജീവനൊടുക്കിയിരുന്നു. ഇയാൾ സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
ഏപ്രിൽ 22ന് ടെക്സസിലെ ഫോര്‍ട്ട് ഹുഡ് സൈനിക കേന്ദ്രത്തില്‍ ജോലിയിലിരിക്കെയാണു ഇരുപതുകാരിയായ വനേസ ഗുയിലെനെ കാണാതായത്. ഇതിനും ഏതാനും ദിവസങ്ങൾക്ക് മുന്‍പ് റോബിൻസൺ, വനേസയോട് മോശമായി പെരുമാറിയിരുന്നു. വനേസയുടെ നേർക്ക് സൈനിക കേന്ദ്രത്തിൽ വച്ചാണ് റോബിൻസൺ ലൈംഗിക അതിക്രമം നടത്തിയത്.
റോബിൻസണിന്റെ അതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും സംഭവത്തിൽ പരാതി നൽകാൻ വനേസ തീരുമാനിച്ചിരുന്നു. സൈനിക കേന്ദ്രത്തിലെ മര്യാദകൾ റോബിൻസൺ ലംഘിച്ചെന്ന് വനേസ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായിട്ടാണ് റോബിൻസൺ കൃത്യം നടത്തിയത്.
സംഭവദിവസം സൈനിക കേന്ദ്രത്തിലെ ആയുധങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലായിരുന്നു വനേസയ്ക്ക് ജോലി. ഇവിടെവച്ചാണ് റോബിൻസൺ ചുറ്റിക ഉപയോഗിച്ച് വനേസയുടെ തലയ്ക്ക് അടിച്ചത്. വനേസ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം കാമുകിയെ വിളിച്ച് കൊലപാതക വിവരം അറിയിക്കുയും ചെയ്ത ു.
പലതവണ ചുറ്റികകൊണ്ട് വനേസയുടെ തലയ്ക്ക് അടിച്ചെന്ന് റോബിൻസൺ കാമുകിയോട് വെളിപ്പടുത്തി. പിന്നീട് മൃതദേഹം നദിയിൽ തള്ളിയെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇരുവരും ചേർന്ന് വനേസയുടെ ശരീരം സൈനിക കേന്ദ്രത്തിൽ നിന്ന് പുറത്തെത്തിച്ച് കത്തിച്ചെന്ന് തെളിഞ്ഞു.
ശരീരം മുഴുവനായി നശിക്കാത്തതിനാൽ മൂന്നായി മുറിച്ച് ശരീരത്തിൽ കോൺക്രീറ്റ് നിറച്ചു. ശേഷം കുഴിയെടുത്ത് അതിലിട്ട് വീണ്ടും കോൺക്രീറ്റ് ഇട്ടു.
പോലീസ് നടത്തിയ അന്വേഷണത്തിൽ വനേസയുടെ കാറിന്റെയും മുറിയുടെയും താക്കോലും ഐഡി കാര്‍ഡും പഴ്സും അവര്‍ ജോലി ചെയ്തിരുന്ന ആയുധങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ തന്നെയുണ്ടായിരുന്നു. വനേസയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 25,000 ഡോളറും യുഎസ് സൈന്യം പ്രഖ്യാപിച്ചു. പക്ഷെ ഒരു വിവരവും ലഭിച്ചില്ല.
ജൂൺ 26നാണ് ഫോർട്ട്ഹുഡിൽ നിന്നും30 മൈൽ അകലെയുള്ള കില്ലിനിൽ നിന്ന് ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. മൃതദേഹത്തിന്റെ മുഖം വ്യക്തമായിരുന്നില്ല. എല്ലും പല്ലുമില്ല. ആരുടെതാണെന്ന് തിരിച്ചറിയാൻ യാതൊരു സൂചനകളുമില്ലാത്ത മൃതദേഹം.
ഒടുവിൽ അത് വനേസയുടെതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അഞ്ച് അടി രണ്ടിഞ്ച് ഉയരവും 57 കിലോ തൂക്കവുമുള്ള വനേസയ്ക്ക് കറുത്ത മുടിയും ചാരക്കണ്ണുകളുമായിരുന്നു.
അമേരിക്കൻ സൈന്യത്തിലെ ചാരക്കണ്ണുള്ള സുന്ദരി ഇനിയില്ലെന്ന് വിശ്വസിക്കാൻ സഹപ്രവർത്തകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കുറ്റംതെളിഞ്ഞാൽ സിസിലി അഗിലാർ 20 വർഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരും.