മലയാള സിനിമയില്‍ ഒരുകാലത്തും ആക്ഷന്‍ ഹീറോകള്‍ക്ക് മുട്ടുണ്ടായിട്ടില്ല. അതേസമയം, ബോളിവുഡിലും ഹോളിവുഡിലുമൊക്കെ ധാരാളമുണ്ടായിരുന്നെങ്കിലും ആക്ഷന്‍ ഹീറോയിനുകളുടെ അഭാവം മലയാള സിനിമാലോകം ശരിക്കും അനുഭവിച്ചിരുന്നു. അഭിനയ മികവും സൗന്ദര്യവും മാത്രമായിരുന്നു മലയാളത്തിലെ നായികമാരുടെ അളവുകോല്‍. എന്നാല്‍ അങ്ങനെയൊരു സങ്കല്‍പ്പത്തെ മാറ്റിമറിയ്ക്കാന്‍ വാണി വിശ്വനാഥ് എന്ന അഭിനേത്രിയുടെ വരവോടെ മലയാള സിനിമയ്ക്കായി. അഭിനയം കൊണ്ട് ഞെട്ടിച്ചവരും നൃത്തം കൊണ്ട് അമ്പരപ്പിച്ചവരും സൗന്ദര്യം കൊണ്ട് മോഹിപ്പിച്ചവരുമായി നിരവധി പേര് വന്നും പോയുമിരുന്നെങ്കിലും വാണി വിശ്വനാഥിന് പകരം വയ്ക്കാന്‍ മലയാള നടിമാരുടെ പട്ടികയില്‍ ഇന്നുവരെ മറ്റൊരാളുണ്ടായിട്ടില്ല എന്നുതന്നെ പറയേണ്ടിവരും.
തനിനാടന്‍ ഭാഷയും പട്ടു പാവാടയും സാരിയുമൊക്കെയായി അകത്തളങ്ങളില്‍ ഒതുങ്ങി നിന്ന നായികമാരില്‍ നിന്നും വ്യത്യസ്തയായി നായകനൊപ്പം നിന്ന് ഫൈറ്റ് ചെയ്യുന്ന നായികയായിരുന്നു വാണി വിശ്വനാഥ്. ആക്ഷന്‍ നായികയായി വെള്ളിത്തിരയില്‍ വാണി തിളങ്ങി. ദി കിംഗ്, ഇന്‍ഡിപെന്‍ഡന്‍സ് തുടങ്ങി വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ മറ്റൊരു നടിക്കുമില്ലാതിരുന്ന ആരാധക പിന്തുണയും വാണി നേടി. പിന്നീട് നടന് ബാബുരാജുമായി വിവാഹിതയായ വാണി സിനിമയോട് വിട പറയുകയായിരുന്നു. എന്നാല്‍ സിനിമയില്‍ മാത്രമല്ല റിയല്‍ ലൈഫിലും തന്റെ ആക്ഷന്‍ ഒരു കുറവുമില്ലെന്നാണ് വാണി പറയുന്നത്. തന്റെ കഥാപാത്രങ്ങളെപോലെ തന്നെ തന്റേടത്തോടെ പ്രതിസന്ധികളേയും പ്രശ്നക്കാരേയും കൈകാര്യം ചെയ്യുന്ന സ്ത്രീ തന്നെയാണ് താനെന്നാണ് വാണി പറയുന്നത്. അങ്ങനെ ഒരാളെ കൈകാര്യം ചെയ്ത അനുഭവം പങ്കുവെക്കുകയാണ് വാണി. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വാണി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘രാവിലെ നടക്കാന്‍ പോയി തിരിച്ചു വരുമ്പോള്‍ ഒരു കാര്‍ ചെറുതായി മുട്ടി. അബദ്ധത്തില്‍ പറ്റിയതാകുമെന്ന് കരുതി നോക്കുമ്പോള്‍ കണ്ണാടിയില്‍ കൂടി ഡ്രൈവര്‍ ചിരിക്കുന്നു. തമിഴനായിരുന്നു. ദേഷ്യം കൊണ്ടു ഞാനവനെ തെറിവിളിച്ചു. കാറിന്റെ മിറര്‍ കൂടി തല്ലിപ്പൊട്ടിച്ചിട്ടേ കലിയടങ്ങിയുള്ളൂ. അന്നവന്റെ കോളറിനു കുത്തിപ്പിടിച്ചു പറഞ്ഞു, ‘പൊമ്പിളകളെ റോഡില്‍ പാക്കാതെ വീട്ടില്‍ പാറ്’. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് സംസാരിക്കവെയാണ് തനിക്കുണ്ടായ അനുഭവം വാണി തുറന്നു പറഞ്ഞത്. അവള് ധൈര്യത്തോടെ നിന്നതാണ് വലിയ കാര്യമെന്നും ഇതുപോലെന്തെങ്കിലുമുണ്ടായാല് ധൈര്യത്തോടെ പ്രതികരിക്കണമെന്ന് മോളോടും പറഞ്ഞു കൊടുക്കാറുണ്ടെന്നും വാണി പറയുന്നു.