പ്രദീപ് ഗോപി
നീണ്ട ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു വിട. മലയാളത്തിന്റെ ആക്ഷന്‍ ക്വീന്‍ വാണി വിശ്വനാഥ് സിനിമയിലേക്ക് തിരികെയെത്തുന്നു. ശ്രീനാഥ് ഭാസി, ലാല്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആസാദി എന്ന സിനിമയിലൂടെയാണ് വാണിയുടെ മടങ്ങിവരവ്. ലിറ്റില്‍ ക്രൂ ഫിലിംസിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മിക്കുന്ന ത്രില്ലര്‍ ഗണത്തിലുള്ള ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോര്‍ജാണ്. സംവിധായകന് സാഗറിന്റേതാണ് ആസാദിയുടെ തിരക്കഥ.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടനും വാണി വിശ്വനാഥിന്റെ ഭര്‍ത്താവുമായ ബാബുരാജ് ഇക്കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. വരുന്നു, തിരികെ… എന്ന അടിക്കുറിപ്പോടെയാണ് ആസാദിയുടെ പോസ്റ്റര്‍ ബാബുരാജ് പങ്കുവച്ചത്. പെണ്‍പുലി തിരിച്ചുവരുന്നു എന്നാണ് പോസ്റ്ററിനു താഴെ ആരാധകരിലൊരാള്‍ കുറിച്ചത്. അയണ്‍ ലേഡി റിട്ടേണ്‍ഡ്, ഞങ്ങളുടെ റിയല്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകള്‍.
വാണി വിശ്വനാഥിനെപ്പോലെ ആക്ഷന്‍ രംഗങ്ങളില്‍ ശോഭിച്ച മറ്റൊരു നടി മലയാളത്തിലുണ്ടായിട്ടില്ല എന്നു പറയാം. പോലീസ് വേഷങ്ങളില്‍ വാണി വിശ്വനാഥിനോളം തിളങ്ങിയ നടിമാർ വേറെയുണ്ടോയെന്നും സംശയം. വിവാഹത്തോടെ സിനിമയില്‍നിന്ന് അവധിയെടുത്ത വാണി തിരിച്ചെത്തുന്നതും ഒരു പോലീസ് വേഷം അവതരിപ്പിച്ചുകൊണ്ടാണ്.
തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ ജ്യോതിഷപണ്ഡിതനായ താഴത്തു വീട്ടില്‍ വിശ്വനാഥിന്റെയും ഗിരിജയുടെയും മകളാണ് വാണി വിശ്വനാഥ്. പിന്നീടു കുടുംബം ചെന്നൈയിലേക്കു താമസം മാറി. മകള്‍ ഒരു അഭിനേത്രിയാകുമെന്നും പിന്നീടു രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും വാണിക്കു 13 വയസുള്ളപ്പോള്‍ അച്ഛന് പ്രവചിച്ചിരുന്നു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു.
* നീണ്ട ഇടവേള
അതു ഞാനുണ്ടാക്കിയെടുത്ത ഒന്നായിരുന്നു. കാരണം വിവാഹം കഴിഞ്ഞ ആ സമയത്തും തെലുങ്കില്‍നിന്നും മലയാളത്തില്നിന്നുമൊക്കെ അവസരങ്ങള്‍ വന്നിരുന്നു. അതില്‍ എനിക്കു പറ്റിയതും എനിക്കിഷ്ടപ്പെട്ടതുമായ കഥാപാത്രങ്ങളുമുണ്ടായിരുന്നു. എന്നാല്‍, മക്കളുടെ കാര്യങ്ങളൊക്കെ നോക്കണമായിരുന്നു. മകള്‍ ആര്‍ച്ച ഇപ്പോൾ ദുബായിയില്‍ എംബിബിഎസ് വിദ്യാർഥിനി.
മകന് ആര്‍ദ്രി പത്താം ക്ലാസില്‍. മക്കൾ രണ്ടാളും സ്വന്തം കാര്യം നോക്കാൻ പ്രാപ്തരായപ്പോൾ കുറച്ചു ഫ്രീയായി. അപ്പോഴാണ് തിരിച്ചുവരവ് ആലോചിച്ചത്. ജനങ്ങൾ എന്നെ എങ്ങനെ കാണാനാണ് ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഈ കഥാപാത്രം തെരഞ്ഞെടുത്തത്.
* ആസാദിയിലെ പോലീസ് വേഷം
സസ്പെന്പെന്ഷനിലുള്ള ഒരു പോലീസ് ഓഫീസറുടെ കഥാപാത്രമാണിത്. ഒരു ഹോസ്പിറ്റലില്‍ നടക്കുന്ന ഒരു സംഭവത്തെക്കുറിച്ചു സസ്പെന്‍ഷനിലുള്ള എന്റെ കഥാപാത്രം അന്വേഷണം നടത്തണമെന്നു മുകളിൽനിന്നു നിർദേശം വരികയും അതിനു പിന്നാലെ പോവുകയും ചെയ്യുന്നതാണ് കഥ.
* ദി ക്രിമിനല്‍ ലോയര്‍
കൊറോണക്കാലത്ത് ദി ക്രിമിനല്‍ ലോയര്‍ എന്നൊരു സിനിമ ആലോചിച്ചിരുന്നു. ഞാനും ഭര്‍ത്താവ് ബാബുരാജും പ്രധാന വേഷത്തിലെത്തുന്ന ഒരു സിനിമയായിരുന്നു അത്. എന്നാൽ, ആ സിനിമയുടെ കഥയുമായി ബന്ധപ്പെട്ടു ചില പ്രതിസന്ധികള്‍ വന്നു. ഒപ്പം കോവിഡും വ്യാപകമായി. രണ്ടും കൂടിയായപ്പോള്‍ ആ സിനിമ നിന്നുപോയി. അതു വീണ്ടും തുടങ്ങുമെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ, എപ്പോൾ സംഭവിക്കുമെന്നറിയില്ല.
* ഇഷ്ടപ്പെട്ട കഥാപാത്രം
പ്രത്യേകിച്ച് ഒരു കഥാപാത്രം പറയാനാവില്ല. എങ്കിലും മാന്നാര്‍ മത്തായി സ്പീക്കിംഗിലെ മീര വർമ, സ്റ്റെല്ല ഫെർണാണ്ടസ് എന്നീ കഥാപാത്രങ്ങൾഎനിക്കിഷ്ടപ്പെട്ടതാണ്. അതുപോലെ ഇന്‍ഡിപെന്‍ഡന്‍സിലെ ഇന്ദു എനിക്കേറെ പ്രിയപ്പെട്ടതാണ്.
കിംഗിലെ അനുരാധ മുഖര്‍ജി എന്ന കാരക്ടറിനെക്കുറിച്ച് ഇപ്പോഴും ആളുകള്‍ പറയാറുണ്ട്. കഥാപാത്രങ്ങളെക്കുറിച്ച് ആളുകൾ പറയുന്നതാണ് സന്തോഷം. അപ്പോൾ നമുക്കും ആ കഥാപാത്രത്തോട് ഒരു ഇഷ്ടം തോന്നും. അങ്ങനെ കുറെയധികം കഥാപാത്രങ്ങളുണ്ട്. ഹിറ്റ്ലറിലെ അമ്മു, ഇന്ദ്രിയത്തിലെ നീലി, സൂസന്നയിലെ സൂസന്ന, പുത്തൂരംപുത്രി ഉണ്ണിയാർച്ചയിലെ ഉണ്ണിയാർച്ച അങ്ങനെയങ്ങനെ…
* മലയാളത്തിലെ വിജയശാന്തി
ആക്ഷന്‍ രംഗങ്ങള്‍ ചെയ്തിരുന്നതുകൊണ്ട് അങ്ങനെയൊക്കെ വിശേഷിപ്പിച്ചിരുന്നു. മലയാളികള്‍ അങ്ങനെ പറയുന്നതു കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. പ്രേക്ഷകർക്ക് ഇടയിൽ ഒരു ആക്ഷന്‍ നായികാ പട്ടം കിട്ടുന്നതു സന്തോഷകരമാണ്.
* സിനിമയിലേക്ക്
മലയാളിയാണെങ്കിലും മണ്ണുക്കുള്‍ വൈരം എന്ന തമിഴ് സിനിമയിലൂടെ പതിമൂന്നാം വയസിലായിരുന്നു സിനിമയിലേക്കുള്ള എന്റെ കടന്നു വരവ്. ശിവാജി ഗണേശന് സാറിന്റെ കൊച്ചുമകളായി അരങ്ങേറ്റം. അതിനു ശേഷം തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും അഭിനയിച്ചു. തുടർന്നാണ് മാന്നാര്‍ മത്തായിയിലൂടെ മലയാളത്തില്‍ എത്തുന്നത്.
* രാഷ്ട്രീയത്തിലേക്ക്
ഞാന്‍ സിനിമയിലും രാഷ്ട്രീയത്തിലുമെത്തുമെന്ന് എനിക്ക് 13 വയസുള്ളപ്പോള്‍ അച്ഛന് വിശ്വനാഥന് പ്രവചിച്ചിച്ചിരുന്നു. പതിമൂന്നാം വയസില്‍തന്നെ സിനിമയിലെത്തി. രാഷ്ട്രീയത്തിലേക്കും ക്ഷണമുണ്ടായിരുന്നു. തെലുങ്കില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയില്നിന്നാണ് ക്ഷണം ലഭിച്ചത്.
പക്ഷേ, ആ സമയത്താണ് അച്ഛന്റെ മരണം. അതിനാൽ ക്ഷണം സ്വീകരിക്കാനായില്ല. ആ സമയത്തു നടന്ന തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടി പിന്നോട്ടു പോവുകയും ജഗന്റെ പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്തു. പിന്നീടും ചിലർ സമീപിച്ചിരുന്നു. വീട്ടുകാര്യങ്ങളും ഒക്കെയായി ബിസിയായി. ഇപ്പോഴും തെലുങ്കിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നു വിളികൾ വരാറുണ്ട്.
* പുതിയ പ്രോജക്ടുകള്‍
ആസാദിക്കു പിന്നാലെ രണ്ടു മൂന്നു പടങ്ങളിലേക്കു ക്ഷണമുണ്ട്. എല്ലാം ഈ സിനിമ കഴിഞ്ഞിട്ടു ചെയ്യാമെന്ന തീരുമാനത്തിലാണ്. സിനിമയില്‍ സജീവമാകണം എന്നു കരുതി കുറെയേറെ സിനിമകളിൽ അഭിനയിക്കാനില്ല. അങ്ങനെയായിരുന്നുവെങ്കില്‍ നല്ല പ്രായത്തില്‍ എനിക്ക് അങ്ങനെ അഭിനയിക്കാമായിരുന്നു. എന്റെ പ്രായത്തിനു ചേര്‍ന്ന, എനിക്കു കംഫര്‍ട്ടബിളായ, എനിക്കു ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങൾ മാത്രം ചെയ്യണമെന്നാണ് കരുതുന്നത്.
* വര്‍ക്കൗട്ട്
ഇപ്പോള്‍ വര്‍ക്കൗട്ടൊക്കെ ചെയ്ത് ആരോഗ്യകാര്യങ്ങളൊക്കെ ചെറുതായി ശ്രദ്ധിക്കുന്നുണ്ട്. ഞാന്‍ എല്ലാക്കാലവും ശരീരം ശ്രദ്ധിച്ചു മെയ്ന്‍ടെയ്ന്‍ ചെയ്യുന്നയാളല്ല. ചിലപ്പോള്‍ തടി വയ്ക്കും, ചിലപ്പോള്‍ മെലിയും. ഇപ്പോള്‍ കുറച്ചു ശരീരഭാരം കുറയ്ക്കണം എന്നുള്ളതിനാല്‍ ജിമ്മിലൊക്കെ പോകുന്നുണ്ട്.
* സോഷ്യല്‍ മീഡിയ
നേരത്തെ എനിക്കു സേഷ്യല്‍ മീഡിയയോടൊന്നും വലിയ താത്പര്യം തോന്നിയിരുന്നില്ല. പിന്നെ സിനിമയില്‍ അഭിനയിക്കുന്നുമുണ്ടായിരുന്നില്ലല്ലോ. പക്ഷേ, ഇപ്പോള്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടെങ്കിലും തുടങ്ങണം എന്നു വിചാരിക്കുന്നു.
* പോലീസ് വേഷങ്ങള്‍
കുറേ സിനിമകളില്‍ പോലീസ് വേഷം ചെയ്തെങ്കിലും ശരിക്കും യൂണിഫോം ഒക്കെ ഇട്ട് പോലീസ് വേഷം ചെയ്തത് ദി ട്രൂത്ത്, ബ്ലാക്ക് ഡാലിയ, ഉസ്താദ് തുടങ്ങിയ സിനിമകളിലാണ്. ട്രൂത്തില്‍ മമ്മൂക്കയ്ക്ക് എതിരായി ഒരു നെഗറ്റീവ് ടച്ചുള്ള പോലീസ് ഓഫീസറുടെ കഥാപാത്രമാണ്.
ബ്ലാക്ക് ഡാലിയയാണ് ഒടുവില്‍ ചെയ്തത്. ഇന്‍ഡിപെന്‍ഡന്‍സില്‍ ഞാനൊരു കള്ളപ്പോലീസായാണു വരുന്നത്. ഇന്ത്യാ ഗേറ്റിലും വേഷം മാറാന്‍ വേണ്ടി പോലീസ് ഡ്രസ് ഇട്ടു എന്നു മാത്രമേയുള്ളു. ശരിക്കും ഇതുവരെ നല്ലൊരു പോലീസ് ഓഫീസറുടെ കഥാപാത്രം ഞാന്‍ ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പക്ഷേ, എല്ലാവരും എന്നെ പോലീസ് പോലീസ് എന്നാണു പറയുന്നത്.