വാണി വിശ്വനാഥിന്റെ രാഷ്ട്രീയപ്രവേശന വാര്‍ത്ത കുറെക്കാലമായി അന്തരീക്ഷത്തില്‍ മുഴങ്ങി കൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ഏതു പാര്ട്ടിയിലേക്കാണെന്നോ എന്നാണ് പ്രവേശനമെന്നോ നടി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ നടി എല്ലാം വെളിപ്പെടുത്തിയിരിക്കുന്നു. വാണി ഇറങ്ങുന്നത് തെലുങ്ക് രാഷ്ട്രീയത്തിലേക്കാണ്. തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട പാര്‍ട്ടി തെലുങ്കുദേശം പാര്‍ട്ടിയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ താന്‍ ടിഡിപിയിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ വെളിപ്പെടുത്തിയത്. നടനും സംവിധായകനുമായ ബാബുരാജിന്റെ ഭാര്യയാണ് വാണി വിശ്വനാഥ്.
പാര്‍ട്ടിയില്‍ ചേരണമെന്നാവശ്യപ്പെട്ട് തെലുങ്കു ദേശം പാര്‍ട്ടിയിലെ ചില നേതാക്കള്‍ സമീപിച്ചിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ അവര്ക്കൊപ്പമായിരിക്കുമെന്ന് താന്‍ ഉറപ്പ് നല്‍കിയതായും വാണി പറഞ്ഞു. ഇന്ത്യയില്‍ തനിക്ക് ഏറ്റവും ബഹുമാനമുള്ള രാഷ്ട്രീയക്കാരന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവാണെന്നും അവര്‍ വ്യക്തമാക്കി. 40-ാം വയസ്സില്‍ താന്‍ രാഷ്ട്രീയത്തില്‍ ചേരുമെന്ന് അച്ഛന് പ്രവചിച്ചിരുന്നുവെന്നും നടി പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കുടുംബത്തില്‍ നിന്ന് എല്ലാ വിധ പിന്തുണയുമുണ്ട്. തെലുങ്ക് ജനതയുടെ പിന്തുണയും ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും വാണി വിശ്വനാഥ് പറഞ്ഞു.
കാര്യങ്ങള്‍ വിശദീകരിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഉടന്‍ കാണാനാവുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അതേ സമയം വരുന്ന തെരഞ്ഞെടുപ്പില്‍ നടി റോജക്കെതിരെ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ചെന്നൈയിലാണ് കുടുംബസമേതം വാണി താമസിക്കുന്നത്. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന അവര്‍ ബാബുരാജിന്റെ ഭാര്യയായതോടെയാണ് സിനിമയില്‍ നിന്ന് മാറിനിന്നത്. ഇടയ്ക്കിടെ ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടതല്ലാതെ സിനിമയിലേക്ക് സജീവമായൊരു തിരിച്ചുവരവ് വാണി നടത്തിയില്ല.