തമിഴ് നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയുടെയും മകളും ചലച്ചിത്ര താരവുമായ വനിതാ വിജയകുമാർ വിവാഹിതയാകുന്നു. വിഷ്വൽ ഇഫക്ട് എഡിറ്ററായ പീറ്റർ പോൾ ആണ് വരൻ.
ഈ മാസം 27ന് ഇവർ വിവാഹിതരാകുമെന്നാണ് തെന്നിന്ത്യൻ സിനിമാലോകത്തു നിന്നുള്ള വാർത്തകൾ. വനിതയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. വിജയ് ശ്രീഹരി, ജോവിത, ജയ്നിത എന്നിവരാണ് വനിതയുടെ മക്കൾ.
1995ൽ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയരംഗത്തെത്തുന്നത്. ഹിറ്റ്ലർ ബ്രദേഴ്സ് എന്ന മലയാള ചിത്രത്തിലും നായികയായി അഭിനയിച്ചിരുന്നു.
തമിഴിൽ കമലഹാസൻ അവതാരകനായി എത്തിയ ബിഗ്ബോസ് മൂന്നാം സീസണിലെ മത്സരാർഥിയായിരുന്നു വനിത. വനിതയുടെ സഹോദരൻ അരുൺ വിജയ് തമിഴിലെ തിരക്കേറിയ താരമാണ്. ശ്രീദേവി വിജയകുമാർ, പ്രീത വിജയകുമാർ, കവിത വിജയകുമാർ, അനിത വിജയകുമാർ എന്നിവരാണ് സഹോദരിമാർ. ശ്രീദേവിയും അഭിനയമേഖലയിലുണ്ട്. 2000 ല്‍ നടന് ആകാശുമായി വിവാഹിതയായെങ്കിലും 2007 ല്‍ വേര്‍പിരിഞ്ഞു.
പിന്നീട് ആനന്ദ് ജയ്രാജ് എന്ന ബിസിനസുകാരനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും വേർപിരിഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്ന ലളിതമായ വിവാഹ ചടങ്ങാകും നടക്കുക.