കേളകം(കണ്ണൂര്‍): വിലത്തകര്‍ച്ചമൂലം കര്‍ഷകര്‍ ഉപേക്ഷിച്ച വാനിലയ്ക്ക് വീണ്ടും നല്ല കാലം. തരംതിരിക്കാത്ത പച്ച ബീന്‍സിന് കിലോയ്ക്ക് 2000 രൂപയും ഉണക്ക ബീന്‍സിന് 20,000 രൂപയുമാണ് ഇപ്പോള്‍ വില. വാനിലയുടെ പ്രധാന ഉത്പാദക രാജ്യമായ മഡഗാസ്കറില്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതാണ് വിലവര്‍ധനയ്ക്കു കാരണമെന്നു പറയുന്നു. വില വര്‍ധിച്ചതോടെ മൊത്തവിപണിക്കാര്‍ മുമ്പ് കൃഷി ചെയ്തിരുന്ന മലയോരത്തെ വിവിധ ഭാഗങ്ങളില്‍ കയറിയിറങ്ങുകയാണ്.
2000–2004 കാലഘട്ടത്തിലാണ് കേരളത്തില്‍ വാനിലയുടെ ഉത്പാദനം വ്യാപകമാകുന്നത്. തരംതിരിക്കാത്ത പച്ച ബിന്‍സിന് 4000 രൂപയും, ഉണക്ക ബിന്‍സിന് 30,000 രൂപയും വരെ വില ലഭിച്ചിരുന്നു. ഒരു മീറ്റര്‍ വാനില തണ്ടിന് 100 രൂപയിലധികം വില ലഭിച്ചിരുന്നതുമൂലം വാനിലത്തോട്ടത്തില്‍ മോഷണവും വ്യാപകമായിരുന്നു. ഇതോടെ കാവല്‍ ഏര്‍പ്പെടുത്തിയ തോട്ടങ്ങള്‍ മലയോരത്തുണ്ടായിരുന്നു.
കേരളത്തിനു പുറമെ കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും വാനില കൃഷി വ്യാപകമായിരുന്നു. എന്നാല്‍, 2004 ല്‍ വിലത്തകര്‍ച്ച നേരിട്ടതോടെ കര്‍ഷകര്‍ വാനിലകൃഷി പാടേ ഉപേക്ഷിച്ചു. പച്ച ബിന്‍സിന് 100 രൂപയ്ക്കുപോലും വാങ്ങാനാളില്ലാത്ത അവസ്ഥയായിരുന്നു. വില വര്‍ധിച്ചതോടെ മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാനിലക്കൃഷി വീണ്ടും സജീവമാകുകയാണ്.