തൊടുപുഴ: സുഗന്ധവ്യഞ്ജന വിളയായ വാനില ഒരിക്കല്‍കൂടി ജില്ലയിലെ കര്‍ഷകരെ മോഹിപ്പിക്കുന്നു. വാനിലയുടെ ഇപ്പോഴത്തെ വില കേട്ടാല്‍ വീണ്ടുമൊരിക്കല്‍കൂടി വാനിലയില്‍ ഭാഗ്യപരീക്ഷണം നടത്താന്‍ കര്‍ഷകര്‍ തയാറാകുമെന്ന നിലയിലാണു വിലയുടെ കുതിപ്പ്. ഉയര്‍ന്ന വിലയില്‍ ആകൃഷ്ടരായി ഇപ്പോള്‍ കര്‍ഷകര്‍ വാനില കൃഷി ആരംഭിച്ചിട്ടുണ്ട്.
പച്ച വാനില ബീന്‍സിന് കിലോക്ക് 4000 രൂപയും ഉണക്ക ബീന്‍സിന് 26000 രൂപയുമാണ് വില. നിലവില്‍ ഉല്‍പ്പാദനം കുറഞ്ഞു നില്‍ക്കുകയാണെങ്കിലും നവംബര്‍-ഡിസംബര്‍ മാസത്തോടെ നിലവില്‍ വനില വള്ളികള്‍ കൃഷി ചെയ്തവര്‍ക്ക് ഇതില്‍ നിന്നുള്ള വരുമാനം ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. ഒരു കാലത്ത് ഇടുക്കിയിലെ കര്‍ഷകരുടെ പ്രതീക്ഷകള്‍ കുത്തനെ ഉയര്‍ത്തിയ കാര്‍ഷിക വിളയായിരുന്നു വാനില.
പച്ച ബീന്‍സിന് 2000 രൂപയും മറ്റും വില വന്ന കാലത്ത് ഒട്ടേറെ കര്‍ഷകര്‍ വാനില കൃഷിയിലേക്ക് കടന്നു. വാനിലയുടെ വിപണന സാധ്യതകള്‍ വലിയതോതിലായിരുന്നതിനാലാണ് ഇത്രയും ഉയര്‍ന്ന വില വന്നത്. ഇടക്കാലത്ത് സംസ്ഥാന കൃഷി വകുപ്പു പോലും വാനില വള്ളികള്‍ എത്തിച്ചു നില്‍കി വാനില കൃഷി പ്രോല്‍സാഹിപ്പിച്ചു. പലരും ഏക്കര്‍ കണക്കിനു സ്ഥലത്തു വാനില കൃഷി നടത്തി. മോഷണം പെരുകുന്നതു തടയാനായി കൃഷിയിടം വേലി കെട്ടി സംരക്ഷിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് വാനില വില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. നൂറു രൂപക്കു പോലും വാനില ബീന്‍സ് ആര്‍ക്കും വേണ്ടാതായതോടെ കര്‍ഷകര്‍ ഈ കൃഷി ഉപേക്ഷിച്ചു. വലിയ തുക മുടക്കി വാനില കൃഷി ചെയ്തവരാകട്ടെ മാനസികമായും ഈ കൃഷിയില്‍ നിന്നും അകന്നു പോയി.
പിന്നീട് വാനില കൃഷിയെക്കുറിച്ച് കൂടുതല്‍ കര്‍ഷകരും ചിന്തിച്ചു പോലുമില്ല. എന്നാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്താനാവത്ത കാര്‍ഷിക ഉല്‍പ്പന്നമായിരുന്നു വാനില. ഇതാണു ഉല്‍പ്പാദനം കുറഞ്ഞതോടെ വാനില വില കുത്തനെ ഉയരാന്‍ കാരണമായതും. ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെയും പ്രധാന ചേരുവയാണ് വാനില. ചോക്ക്ലേറ്റ്, ഐസ്ക്രീം, കേക്ക് എന്നിവയുടെ നിര്‍മാണത്തില്‍ നിന്നും വാനില എസന്‍സിനെ മാറ്റി നിര്‍ത്താനാവില്ല.
ഇതാണു ഉല്‍പ്പാദനം കുറഞ്ഞപ്പോള്‍ വന്‍വില കൊടുത്ത് ഇത്തരം ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ കമ്പനികള്‍ വാനില ബീന്‍സ് വിലക്കെടുക്കാന്‍ കാരണമായതും.
വാനിലക്കു വിലയേറിയതോട വാനില വള്ളികളും ഇപ്പോള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വാനില വള്ളികള്‍ താങ്ങുകാലുകളില്‍ പടര്‍ത്തി വളര്‍ത്തിയാണ് വാനില ബീന്‍സ് ഉല്‍പ്പാദിപ്പിക്കുന്നത്. പച്ചയായോ ഉണക്ക ബീന്സായോ വില്‍പ്പന നടത്താം.
എന്നാല്‍ ഉണക്കി സൂക്ഷിക്കുന്നതിനുള്ള സംസ്കരണ പ്രക്രിയ ഏറെ സങ്കീര്‍ണ്ണവും ശ്രമകരവുമായതിനാല് പലരും ഇതിനു മുതിരാതെ പച്ച ബീന്സാണു വില്‍പ്പന നടത്തുന്നത്. ഒന്നര മീറ്റര്‍ നീളമുള്ള വാനില വള്ളി 70 രൂപക്കു ലഭിക്കും. ഹൈറേഞ്ച് മേഖലയില്‍ വാനില ബീന്‍സ് വിലക്കെടുക്കുന്ന ചില കച്ചവടക്കാര്‍ വാനില കൃഷിചെയ്യാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് വള്ളികളും എത്തിച്ചു നല്‍കുന്നുണ്ട്.
ഇനി മുന്പുണ്ടായതു പോലെ വിലയിലുണ്ടായ തകര്‍ച്ച വീണ്ടും സംഭവിക്കാനിടയില്ലെന്ന പ്രതീക്ഷയിലാണ് ചെറിയ അളവിലെങ്കിലും കര്‍ഷകര്‍ വാനില കൃഷിയിലേക്കു കടക്കുന്നത്. വാനില ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യത വര്‍ധിച്ചതിനാല്‍ വില തകര്‍ച്ച ഇനി വാനിലക്ക് ഉണ്ടാകില്ലെന്നാണ് ഇവര്‍ കരുതുന്നത്.
എങ്കിലും ചെറിയ തോതില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കരതലോടെയാണ് വാനില കൃഷിയിലേക്കുള്ള പുതിയ ചുവടു വയ്പ്.