മൂവാറ്റുപുഴ: വിലയിടിവുമൂലം കർഷകർ ഉപേക്ഷിച്ച വാനിലയ്ക്ക് നീണ്ട ഇടവേളയ്ക്കുശേഷം റിക്കാർഡ് വില. പച്ച ബീൻസിന് കിലോക്ക് 7000-8000 രൂപയും ഉണക്ക ബീൻസിന് കിലോക്ക് 25000-30,000 വരെയുമാണ് വില.
വാങ്ങുന്നതിനും വിൽക്കുന്നതിനും പ്രത്യേക മാർക്കറ്റ് സംവിധാനം ഇല്ലെങ്കിലും കോയന്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള ഏജന്റുമാർ വാനില തേടി കേരളത്തിൽ എത്തുന്നതായാണ് വിവരം.
വാനില കൃഷിയുടെ ഈറ്റില്ലമായ മഡഗാസ്കറിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ പ്രകൃതിക്ഷോഭം മൂലം കൃഷിക്ക് വൻ നാശം സംഭവിച്ചിരുന്നു. ഇതുമൂലം ഉത്പാദനം കുറയുകയും കയറ്റുമതിയെ കാര്യമായി ബാധിക്കുകയും ചെയ്തതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
ഇടുക്കി, എറണാകുളം, കോട്ടയം, കാസർഗോഡ് ഉൾപ്പെടെയുള്ള ജില്ലകളിൽ നേരത്തെ വാനില കൃഷി വ്യാപകമായിരുന്നു. പച്ച ബീൻസിന് കിലോക്ക് 50രൂപ പോലും ലഭിക്കാത്ത സാഹചര്യത്തിൽ കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു.
ആയിരക്കണക്കിനു രൂപ ചെലവഴിച്ച് ശാസ്ത്രീയമായ രീതിയിലാണ് കർഷകരിൽ പലരും അന്നു കൃഷിയിറക്കിയത്. നിലവിൽ പേരിനുപോലും വാനില ലഭിക്കാത്ത സാഹചര്യത്തിലാണ് വില കുതിച്ചുയർന്നിരിക്കുന്നത്.
വില കൂടിയതിനാൽ കർഷകർ വീണ്ടും വാനിലകൃഷിയിലേക്ക് തിരിയുന്നുണ്ടെങ്കിലും രോഗബാധ കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. രോഗബാധമൂലം പലരുടെയും പുരയിടങ്ങളിൽ കാടുകയറി കിടന്ന വാനിലതണ്ട് നടാൻപോലും ലഭിക്കാത്ത സാഹചര്യമാണ്.
ഫംഗസ് ബാധമൂലം ഇവ അഴുകി നശിക്കുകയാണ്. 2008 വരെ സാമാന്യം ഭേദപ്പെട്ട വില കർഷകർക്കു ലഭിച്ചിരുന്നു. ഇതോടെ വാനില കൃഷിയുടെ വ്യാപ്തി വർധിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ കർഷകർ വാനില കൃഷിയിലേക്ക് തിരിഞ്ഞു. കർഷക വിപണികൾ കേന്ദ്രീകരിച്ച് വാനില സംഭരണവും ആരംഭിച്ചതോടെ കർഷകർ ഏറെ പ്രതീക്ഷയിലായിരുന്നെങ്കിലും പെട്ടെന്നുതന്നെ ഈ പ്രതീക്ഷയ്ക്കു മങ്ങലേറ്റു.
നടുന്നതിനുള്ള വാനില തണ്ടിന് ഒരടിക്ക് നൂറു രൂപ വരെയും പുരയിടങ്ങളുടെ അതിർത്തിയിൽ നിന്നിരുന്ന കൊന്നക്കന്പിന് ഒരു മീറ്ററിന് മുപ്പതു രൂപ വരെയും വില ലഭിച്ചിരുന്നു. വാനില പടർന്നുകയറുന്നതിനു കൊന്ന ഏറെ മെച്ചമായിരുന്നതിനാലാണ് ഇതിനു ഡിമാൻഡ് വർധിക്കാൻ കാരണമായത്. മൂന്നു വർഷം കൊണ്ട് വാനിലയിൽ പൂക്കൾ വന്നു തുടങ്ങും. കൃത്രിമ പരാഗണം നടത്തിയാണ് ബീൻസ് ഉത്പാദിപ്പിക്കുന്നത്.
മൂപ്പെത്തിയവ പറിച്ച് പച്ചയ്ക്കും ഉണങ്ങിയുമായിരുന്നു വിൽപന. വിലയിടിവിനെ തുടർന്നു നിരവധി കർഷകർ സംസ്കരിച്ച് സൂക്ഷിച്ചിരുന്നു. ഇതിൽ ചുരുക്കം പേർ അടുത്ത നാളിൽ നല്ല വിലയ്ക്ക് വില്പന നടത്തുകയും ചെയ്തു. വിദേശ രാജ്യങ്ങളിൽ സ്വാഭാവിക വാനിലയുടെ എസൻസ് ഐസ്ക്രീം മുതൽ ഔഷധ നിർമാണത്തിനു വരെ ഉപയോഗിച്ചുവരുന്നുണ്ട്.
ജെയ്സ് വാട്ടപ്പിള്ളിൽ