21 ലക്ഷം രൂപയുടെ തക്കാളിയുമായി കോലാറില്‍ നിന്ന് രാജസ്ഥാനിലേക്ക് പോയ ലോറി കണ്ടെത്തി. അഹമ്മദാബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ലോറി കണ്ടെത്തിയത്.
ജയ്പുരിലേക്കാണ് ലോറി പോകേണ്ടിയിരുന്നത്. എന്നാല്‍ ഡ്രൈവറായ അന്‍വര്‍ വണ്ടി അഹമ്മദാബാദിലേക്ക് തിരിച്ചു വിടുകയായിരുന്നു.
ഡ്രൈവര്‍ തക്കാളി പകുതി വിലയ്ക്ക് മറിച്ചു വിറ്റതായി കയറ്റി അയച്ചവര്‍ക്കു വിവരം ലഭിച്ചു. കോലാറിലെ മെഹ്ത ട്രാന്‍സ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.
എസ്വിടി ട്രേഡേഴ്സ്, എജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്നു പോലീസ് പറയുന്നു.
വ്യാഴാഴ്ചയാണ് ലോറി പുറപ്പെട്ടത്. 15 കിലോ വീതമുള്ള 735 പെട്ടി തക്കാളിയായിരുന്നു ലോറിയിലുണ്ടായിരുന്നത്.
ലോറി ഡ്രൈവറെക്കുറിച്ചു ഒരു വിവരവുമില്ലെന്നു തക്കാളി കയറ്റി അയച്ചവര്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
കോലാര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് ലോറി ഉപേക്ഷിച്ച നിലയില്‍ ഗുജറാത്തില്‍ കണ്ടെത്തിയത്.
ട്രാന്‍സ്പോര്‍ട്ട് ഉടമ സാദിഖ് ലോറിയില്‍ ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇതു ഊരി മാറ്റിയാണ് ഡ്രൈവര്‍ അഹമ്മദാബാദിലേക്ക് വണ്ടിയുമായി കടന്നത്.
ശനിയാഴ്ച രാത്രി ജയ്പുരിലെത്തേണ്ട ലോറി എത്താത്തതിനെ തുടര്‍ന്നാണ് ഉടമ പോലീസില്‍ പരാതി നല്‍കിയത്. ഇന്നലെ രാവിലെ ലോറി ഗുജറാത്തില്‍ കണ്ടെത്തിയതായി ഉടമയ്ക്ക് വിവരം ലഭിക്കുകയായിരുന്നു.