പുല്ലൂര്‍ പൊള്ളക്കടയിലെ ആലിങ്കാല്‍ ഹൗസില്‍ ശ്രീധരന്റെ മകള്‍ കെ. അഞ്ജലി (21) യുടെ തിരോധാനത്തില്‍ വന്‍ ദുരൂഹത.
കാഞ്ഞങ്ങാട്ടു നിന്നും ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും അവിടെനിന്ന് ഹൈദരാബാദിലേക്കും അഞ്ജലി യാത്ര ചെയ്തതായാണ് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ വീടുവിട്ട് ഇതുവരെ ദീര്‍ഘദൂര യാത്രകളൊന്നും ചെയ്തിട്ടില്ലാത്ത അഞ്ജലി ഇത്രയും ദൂരം ഒറ്റയ്ക്ക് സഞ്ചരിച്ചതാണ് അന്വേഷണോദ്യോഗസ്ഥരെ കുഴക്കുന്നത്.
ചെന്നൈയിലേയും ബംഗളൂരുവിലെയും സിസിടിവി ദൃശ്യങ്ങളില്‍ അഞ്ജലി ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത്. പെണ്‍കുട്ടി എന്തിനാണ് നാടുവിട്ടതെന്നും ആരാണ് അവള്‍ പറഞ്ഞ ആ ഇക്കയെന്നും എങ്ങോട്ടാണ് അഞ്ജലി പോയതെന്നുമുള്ള ചോദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.
മൂന്ന് മക്കളുള്ള ശ്രീധരന്റെ രണ്ടാമത്തെ മകളാണ് അഞ്ജലി. മൂത്തമകള്‍ വിവാഹിതയാണ്. ഇളയത് ആണ്‍കുട്ടി. നന്നേ ചെറുപ്പത്തില്‍ അതായത് അച്ഛനെയും അമ്മയേയും തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തിലാണ് അഞ്ജലിയെ അവളുടെ ഉദുമയിലെ ഉദയമംഗലത്തുള്ള മൂത്തമ്മയുടെ കൈകളിലേല്‍പ്പിക്കുന്നത്.
അവിവാഹിതയായ ഇവരാണ് ബിരുദ പഠന കാലം വരെ അഞ്ജലിയെ പോറ്റി വളര്‍ത്തിയത് പുല്ലൂരിലുള്ള മാതാപിതാക്കളെ ഇടയ്ക്ക് സന്ദര്‍ശിക്കുമെങ്കിലും അഞ്ജലിക്ക് എല്ലാമെല്ലാം മൂത്തമ്മയാണ്.
ഇതിലൂടെ വീട്ടുകാരോട് മനസില്‍ ഉറച്ച അകല്‍ച്ച രൂപപ്പെടുകയായിരുന്നു. ഇത് അഞ്ജലി വീട് വിടുന്നതിന് മുന്‍പ് എഴുതിയ കത്തിലും വ്യക്തമാണ്.
കോളേജില്‍ പഠിക്കുന്ന കാലത്താണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു തുടങ്ങുന്നത്. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടുള്ള അഞ്ജലി തന്റെ ഒറ്റപ്പെടലിന്റെ ഭാരം മുഴുവന്‍ ഇറക്കി വെച്ചത് ഇന്‍സ്റ്റഗ്രാം കൂട്ടായ്മയിലാണ്.
സൗഹൃദങ്ങളിലേറെയും ആണ്‍കുട്ടികളായിരുന്നു. സുഹൃദങ്ങളില്‍ പലതും പ്രണയവും സൗഹൃദവും ഇടകലര്‍ന്നതായിരുന്നുവെന്ന് അവളുടെ സുഹൃദ വലയം തന്നെ തെളിയിക്കുന്നു.
മൊബൈല്‍ ചാറ്റിംഗ് പുലര്‍ച്ചെ വരെ നീളുന്നത് കണ്ടപ്പോള്‍ മൂത്തമ്മ അഞ്ജലിയെ ശാസിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു.
ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ മാതാപിതാക്കളുടെ അടുത്തേക്ക് അയയ്ക്കുന്നത്. അവര്‍ അഞ്ജലിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അഞ്ജലി അതെല്ലാം നിരസിച്ചു.
മൊബൈല്‍ ഫോണുമായി ആയിരുന്നു ഏക സൗഹൃദം. പല തവണ പെണ്‍കുട്ടി ആത്മഹത്യാ പ്രവണത കാട്ടിയതിനെത്തുടര്‍ന്ന് സൈക്യാട്രിസ്റ്റുകളെയും കാണിച്ചിരുന്നു.
ഇതിനിടയില്‍ ഏപ്രില്‍ 25ന് ഉദുമ സ്വദേശിയായ യുവാവുമായി വിവാഹ നിശ്ചയിച്ചതിന് പിന്നാലെയാണ് 19 ന് അഞ്ജലി നാടുവിട്ടുന്നത് .
യാത്രകള്‍ വളരെ പ്ലാന്‍ ചെയ്തും കൃത്യതയോടെയുമാണെന്ന് കാണാം. 19 ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് അഞ്ജലി വീട് വിട്ടിറങ്ങുന്നത്.അന്ന് തന്നെ ചെന്നൈ മംഗലാപുരം എക്‌സ്പ്രസില്‍ ചെണൈയിലേക്ക് യാത്രതിരിക്കുന്നു.
പുലര്‍ച്ചെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന അഞ്ജലിയെ സി.സി ടി വി ദൃശ്യങ്ങളില്‍ കാണാം. ഇതിന് മുന്‍പ് മൂകാംബികയിലേക്ക് കുടുംബസമേതം സഞ്ചരിച്ചതല്ലാതെ അഞ്ജലിക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ല.
ചെന്നൈയിലെത്തിയ അഞ്ജലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി തൊട്ടടുത്ത മൊബൈല്‍ ഷോപ്പില്‍ നിന്നും പുതിയ സിം കാര്‍ഡെടുക്കാന്‍ ശ്രമിച്ചെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കാത്തതിനാല്‍ സാധിച്ചില്ല.
തുടര്‍ന്ന് തന്റെ മൊബൈല്‍ ഫോണ്‍ അതേ കടയില്‍ വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് 20-ാം തീയതി രാത്രി തന്നെ ബംഗളൂരുവിലേക്ക് വണ്ടി കയറി. 21ന് ബംഗളൂരുവിലെത്തിയതായി റെയില്‍വേ സ്റ്റേഷന്‍ സിസിടിവി ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇതിനിടയില്‍ അഞ്ജലി എഴുതിയ കത്തിലെ ഇക്കയെ തേടി കാസര്‍ഗോഡും ഉദുമയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയായിരുന്നു. ഈ സമയം കൊണ്ട് അഞ്ജലി സമര്‍ഥമായി കടന്നു കളയുകയായിരുന്നു.
അഞ്ജലി ചെന്നൈയില്‍ വിറ്റ ഫോണ്‍ മറ്റൊരാള്‍ വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് അന്വേഷണം ഈ വഴിയ്ക്ക് നീങ്ങിയത്.
ഏപ്രില്‍ അവസാന വാരമാണ് സൈബര്‍ സെല്‍ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് അമ്പലത്തറ പൊലീസ് ചെന്നൈയിലേക്ക് പോയി.
ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും അഞ്ജലിയെ പിന്തുടര്‍ന്ന അന്വേഷണ സംഘത്തിന് പിന്നീട് തുമ്പൊന്നും കിട്ടിയില്ല.
21ന് ബംഗളൂരുവില്‍ നിന്ന് ഹൈദ്രാബാദിലേക്ക് അഞ്ജലി ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തിയെങ്കിലും ടിടിആര്‍ രജിസ്റ്ററില്‍ അങ്ങനെയൊരാള്‍ യാത്ര ചെയ്തതായി രേഖകളില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
വഴിയിലെവിടേയാണ് അഞ്ജലിയിറങ്ങിയത്. അല്ല മറ്റാരുടെയെങ്കിലും കൂടെ പോയോ എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ നില്‍ക്കുകയാണ് അന്വേഷണ സംഘം.
യാത്രയ്ക്ക് അഞ്ജലി തിരഞ്ഞെടുത്തത് മുഴുവന്‍ രാത്രി വണ്ടികളായിരുന്നു. അതിനാല്‍ തന്നെ എവിടെയും മുറിയെടുത്ത് താമസിക്കേണ്ടി വന്നിട്ടില്ല.അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നാണ് അമ്പലത്തറ പൊലീസ് ഐ.പി വ്യക്തമാക്കുന്നത്
ഏപ്രില്‍ 19ന് ഉച്ചയ്ക്ക് 1.30 മുതല്‍ കാണാനില്ലെന്ന പരാതിയില്‍ അമ്പലത്തറ പൊലീസാണ് ഐപി രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
ഏപ്രില്‍ 19ന് ഉച്ചയ്ക്ക് 1.30ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്നാണ് പരാതി. വെളുത്ത നിറം, ഉയരം 167 സെ.മീ. കാണാതാവുമ്പോള്‍ കറുപ്പ് നിറത്തില്‍ വെള്ളപ്പുള്ളികളോടു കൂടിയ ടോപ്പ്, കറുത്ത പാന്റ് എന്നിവയാണ് വേഷം.
ഒരു ഹാന്‍ഡ് ബാഗും ഷോള്‍ഡര്‍ ബാഗും ഉണ്ടായിരുന്നു. യുവതിയെ കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അമ്പലത്തറ പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അന്വേഷണ മേധാവി അറിച്ചു ഫോണ്‍: 04672 243200, 9497947275.