റാന്നി: മുക്കൂട്ടുതറയില്‍ കാണാതായ ജെസ്‌നയെ അന്വേഷിച്ച് കേരളാപോലീസ് കര്‍ണാടകത്തിലേക്ക്. മുഖസാദൃശ്യമുള്ളയാളെ കര്‍ണാടകത്തില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും ഫോണ്‍കോളുകളില്‍ ചിലത് കര്‍ണാടകത്തില്‍ നിന്നുള്ളതാണെന്ന കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലുമാണ് പോലീസ് ഈ തീരുമാനത്തിലെത്തിയത്. നേരത്തേ കര്‍ണാടകത്തില്‍ അന്വേഷണം നടത്തി മടങ്ങിയ പോലീസ് സംശയമുള്ള രണ്ടിടങ്ങളില്‍ കൂടി അന്വേഷണം നടത്താന്‍ പോയി.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 6,000 കോളുകളാണ് പോലീസ് വിശദമായി പരിശോധിച്ചത്. ഇവയില്‍ ചില കോളുകള്‍ കര്‍ണാടകത്തില്‍ നിന്നുള്ളതാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ ഒരുപക്ഷേ ജെസ്നയ്ക്ക് രണ്ടു ഫോണുകളും നമ്പറുകളും ഉണ്ടായിരിക്കാമെന്നും പോലീസ് കരുതുന്നു. സംശയാസ്പദമായ ലക്ഷത്തിലധികം കോളുകള്‍ പരിശോധിക്കാനാണ് വിദഗ്ധരുടെ തീരുമാനം. സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചു പോയതും ബോധപൂര്‍മാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.
മുണ്ടക്കയത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജെസ്‌ന തന്നെയാണെന്നുറപ്പിച്ചാണ് പോലീസ് നീങ്ങുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളല്ല സിസിടിവി ദൃശ്യങ്ങളില്‍ ജെസ്‌ന ധരിച്ചതായി കണ്ടെത്തിയത്. മുണ്ടക്കയം ബസ് സ്റ്റേഷനോടു ചേര്‍ന്ന് സ്ത്രീകള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യം ഉണ്ട്. ഇവിടെവച്ചു വേഷം മാറിയതാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ദൃശ്യത്തിലെ പെണ്‍കുട്ടിയുടെ െകെവശം രണ്ട് ബാഗുണ്ട്. ഒന്ന് കൈയില്‍ തൂക്കിപ്പിടിച്ചിരിക്കുകയാണ്. മറ്റൊന്നു തോളില്‍ കൂടി പിന്നിലേക്കിട്ടിരിക്കുകയും. ഇതു ഭാരമുള്ള ബാഗ് ആണെന്നു നടത്തത്തില്‍ നിന്നു മനസിലാക്കാം.
ദീര്‍ഘയാത്ര ലക്ഷ്യമിട്ടുള്ള വസ്ത്രങ്ങളാവാം ബാഗിലേത് എന്നു പോലീസ് അനുമാനിക്കുന്നു. ജെസ്ന ജീവിച്ചിക്കുന്നുവെന്ന് ഉറച്ചു വിശ്വസിക്കുന്ന പ്രത്യേകസംഘത്തിന്റെ മുന്നിലുള്ള വെല്ലുവിളി സംസ്ഥാനത്തിന് പുറത്തെവിടെയാണീ പെണ്‍കുട്ടി എന്നു കണ്ടെത്തുകയാണ്. പെണ്‍കുട്ടിയെ കണ്ടതായി നേരത്തേ തിരുവല്ല ഡിവൈഎസ്പിയ്ക്ക് സന്ദേശം ലഭിക്കുകയും ജസ്നയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും അത് മറ്റൊരാളാണെന്ന് പറഞ്ഞ് ആരും രംഗത്ത് വരാത്തതുമാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ പോലീസ് ഉറച്ചു നില്‍ക്കുന്നത്. സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടിയതാണ് പെണ്‍കുട്ടിയെ ഒളിവില്‍ നിന്ന് പുറത്തു വരുന്നതില്‍ നിന്ന് തടയുന്നതെന്നും സൂചനയുണ്ട്.