ആഗ്ര: യാത്രക്കാരായ സ്ത്രീകളുടെ രാത്രി സുരക്ഷയെക്കുറിച്ച് നേരിട്ടറിയാനാണ് ഉത്തർപ്രദേശിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) സുകന്യ ശർമ അർധരാത്രി സാധാരണവേഷത്തിൽ ആഗ്ര നഗരത്തിലിറങ്ങിയത്.
റെയിൽവേ സ്റ്റേഷന് സമീപമെത്തിയ 33കാരിയായ എസിപി സഹായത്തിനായി പോലീസിന്റെ എമർജൻസി നമ്പറിൽ വിളിച്ചു. “താനൊരു വിനോദസഞ്ചാരിയാണ്, റോഡിലൊന്നും ആരുമില്ല, അതിനാൽ തന്നെ സഹായിക്കണം’ എന്ന് അവർ അഭ്യർഥിച്ചു.
പെട്ടെന്നുതന്നെ പോലീസ് പ്രതികരിച്ചു. സുരക്ഷിതമായ സ്ഥലം നോക്കി മാറിനിൽക്കാൻ നിർദേശിച്ച പോലീസ് കൈയിൽ എന്തൊക്കെയുണ്ട് എന്നും അന്വേഷിച്ചു. വനിതാ പട്രോളിംഗ് സംഘം ഉടനെ സഹായത്തിനെത്തുമെന്ന് അറിയിക്കുകയും ചെയ്തു.
ഇതോടെ ഞാൻ എസിപി ആണെന്നും പരിശോധനയുടെ ഭാഗമായിട്ടാണു ഞാൻ വിളിച്ചതെന്നും നിങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നു ബോധ്യമായെന്നും പറഞ്ഞ് സുകന്യ പോലീസുകാരെ അഭിനന്ദിച്ചു.
എസിപി പിന്നീട് യാത്രക്കാരിയായി ഓട്ടോറിക്ഷയിലും കയറി. ഓട്ടോക്കാരൻ കൂലി പറഞ്ഞശേഷമാണ് ഓട്ടോ എടുത്തത്. പക്ഷേ ഡ്രൈവർ യൂണിഫോം ധരിച്ചിരുന്നില്ല.
യാത്രയ്ക്കിടെ പോലീസുകാരിയെന്നു വെളിപ്പെടുത്താതെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് എസിപി ഡ്രൈവറോടു സംസാരിച്ചു. ഡ്രൈവർ ഉടനെ യൂണിഫോം എടുത്തിട്ടു.
കൃത്യമായ സ്ഥലത്ത് അവരെ എത്തിക്കുകയും ചെയ്തു. പോലീസും ഓട്ടോഡ്രൈവറും തന്റെ പരീക്ഷയിൽ ജയിച്ചുവെന്നു സുകന്യ ശർമ പിന്നീടു പറഞ്ഞു.