പത്തനംതിട്ട: വനിതാ കമ്മീഷനില്‍ പരാതി നല്കിയ എണ്‍പത്തൊമ്പതുകാരിയായ വീട്ടമ്മയെ സംബന്ധിച്ച് മോശം പരാമര്‍ശം നടത്തുകയും ബന്ധുവിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന തരത്തിലുണ്ടായ പ്രചാരണങ്ങളില്‍ വിശദീകരണവുമായി ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്.
വിഷയത്തില്‍ സാഹിത്യകാരന് ടി.പത്മനാഭന് അടക്കമുള്ളവര്‍ നിശിത വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെയാണ് ജോസഫൈന്റെ വിശദീകരണം വന്നത്. മാധ്യമങ്ങള്‍ നിജസ്ഥിതി അന്വേഷിക്കാതെ വാര്‍ത്ത നല്‍കിയെന്നാണ് വിശദീകരണം.
ലക്ഷ്മിക്കുട്ടിയമ്മയും ബന്ധുവും പറയുന്നത്….
കോട്ടാങ്ങല്‍ സ്വദേശിനിയായ ലക്ഷ്മിക്കുട്ടിയമ്മ (89)യുടെ പരാതിയിലാണ് വനിതാ കമ്മീഷന് അധ്യക്ഷ മോശമായി പെരുമാറിയെന്ന ആക്ഷേപം ഉണ്ടായത്.
പരാതിക്കാരിയുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വനിതാ കമ്മീഷന് സിറ്റിംഗില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധു കോട്ടയം നെടുങ്കുന്നം സ്വദേശി ഉല്ലാസ് കുമാര്‍ വനിതാ കമ്മീഷന് അധ്യക്ഷയെ ഫോണില്‍ വിളിച്ച അവസരത്തിലാണ് മോശം പരാമര്‍ശമുണ്ടായതായി ആക്ഷേപം ഉയര്‍ന്നത്.
ഒരുവര്‍ഷം മുമ്പ് വീട്ടില്‍ അതിക്രമിച്ചു കയറിയ ആള് ലക്ഷ്മിക്കുട്ടിയമ്മയെ ആക്രമിച്ചതായും ആക്രമണത്തില്‍ വാരിയെല്ല് ഒടിഞ്ഞ് കിടപ്പിലായതായുമാണ് പരാതി. കേസ് പോലീസ് വേണ്ടരീതിയില്‍ പരിഗണിക്കില്ലെന്നാണ് വനിതാ കമ്മീഷനു പരാതി നല്‍കിയത്. ആരോഗ്യപ്രശ്നം സിറ്റിംഗില്‍ നേരിട്ടു പങ്കെടുക്കാനാകില്ലെന്നറിയിക്കാനാണ് ബന്ധു വിളിച്ചത്.
എണ്‍പത്തൊമ്പതുകാരിയായ തള്ളയെക്കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞുവെന്ന് അപമാനകരമായ രീതിയില്‍ ചെയര്‍പേഴ്സണ്‍ ഫോണിലൂടെ സംസാരിച്ചുവെന്നാണ് ഉല്ലാസ് കുമാറിന്റെ ആക്ഷേപം. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് വനിതാ കമ്മീഷന് അധ്യക്ഷ വിശദീകരണവുമായി നേരിട്ട് രംഗത്തെത്തിയത്.
വനിതാ കമ്മീഷന് വിശദീകരണം…
ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതി 2020 മാര്‍ച്ച് പത്തിന് വനിതാ കമ്മീഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. പരാതി 28-ന് പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അദാലത്തില്‍ പരിഗണിക്കുന്നതിന് നേരത്തേതന്നെ നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് അധ്യക്ഷ വിശദീകരിച്ചു.
എന്നാല്‍ പരാതിക്കാരിയുടെ മകന് നാരായണപിള്ള നല്കിയ പരാതി 2020 ഫെബ്രുവരി ആറിന് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡിസംബര്‍ 18-ന് അദാലത്തില്‍ ഹാജരാകാന്‍ നോട്ടീസ് നല്കിയിരുന്നതുമാണ്.
എന്നാല്‍ പരാതിക്കാരായ ലക്ഷ്മിക്കുട്ടിയോ മകന് നാരായണപിള്ളയോ ഹാജരായില്ല. ഹാജരാകാന്‍ സാധിക്കുകയില്ലെന്ന വിവരം കമ്മിഷനെ രേഖാമൂലമോ ഫോണ്‍ മുഖേനയോ അറിയിക്കുകയും ചെയ്തിരുന്നില്ല.
വനിതാ കമ്മിഷനില്‍ സ്ത്രീകള്‍ നല്കുന്ന പരാതികള്‍ മാത്രമേ സ്വീകരിക്കൂ എന്നിരിക്കിലും വിഷയത്തിന്റെ ഗൗരവം, ലക്ഷ്മിക്കുട്ടിയമ്മയുടെ പ്രായം എന്നിവ കണക്കിലെടുത്താണ് ലക്ഷ്മിക്കുട്ടിയമ്മയുടെ മകന് നല്കിയ പരാതി പ്രത്യേകം പരിഗണിച്ച് പരാതി രജിസ്റ്റര്‍ ചെയ്തത്. മാത്രവുമല്ല, ഇയാളുടെ പരാതി പത്തനംതിട്ട പെരുമ്പെട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും ജോസഫൈന് ചൂണ്ടിക്കാട്ടി.
പ്രതി ഇപ്പോള്‍ ജാമ്യത്തിലുമാണ് എന്നാണ് അറിയുന്നത്. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അത് മറികടന്ന് തീരുമാനമെടുക്കാന്‍ കമ്മിഷന് അധികാരവുമില്ല. എന്നിരിക്കിലും പരാതി കമ്മിഷന് പരിശോധിച്ചുവരികയായിരുന്നു.
വിഷയത്തില്‍ പോലീസിന്റെയും വനിതാ കമ്മിഷന്റെയും ഭാഗത്തുനിന്നുള്ള നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കെ വനിതാ കമ്മിഷന് അധ്യക്ഷയെ വിളിച്ച് കേസ് സംബന്ധമായ കാര്യം സംസാരിക്കേണ്ട സാഹചര്യം തന്നെ ഇല്ലാത്തതാണ്. നൂറുകണക്കിന് പരാതികള്‍ ലഭിക്കുമ്പോള്‍ എല്ലാ പരാതികളും ഓര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല.
ഫോണ്‍ വിളിച്ചയാളുടെ ആശയവിനിമയത്തിലെ അവ്യക്തതയാണ് പുതിയ പരാതിയാണെന്ന ധാരണയില്‍ ഉപദേശ രൂപേണ ചെയര്‍പേഴ്സണ്‍ ചോദിച്ചത്. ആ ചോദ്യത്തിന്റെ ഉദ്ദേശ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലും വനിതാ കമ്മിഷന്റെതന്നെ മേല്‍നോട്ടത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ അധ്യക്ഷനായി ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ആരായുകയായിരുന്നു. അതിനു പുറമേ സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരിക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നോ എന്നുമാണ്.
വനിതാ കമ്മിഷന് കോടതിയോ പേലീസ് സ്റ്റേഷനോ അല്ല. പരാതി ലഭ്യമായ മാത്രയില്‍ കേസ് ചാര്‍ജ് ചെയ്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ, ശിക്ഷ വിധിക്കാനോ അധികാരം ഉള്ള സ്ഥാപനമല്ലെന്നും അധ്യക്ഷ ചൂണ്ടിക്കാട്ടി.
മാധ്യമങ്ങള്‍ യാഥാര്‍ഥ്യം തേടിയില്ലെന്ന്
വസ്തുതകള്‍ ഇതായിരിക്കേ, റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പ് വാര്‍ത്തയുടെ സത്യാവസ്ഥ ബോധ്യപ്പെടുക എന്ന അടിസ്ഥാന പ്രമാണങ്ങള്‍പോലും പാലിക്കാതെ തികച്ചും ഏകപക്ഷീയമായ വനിതാ കമ്മിഷന് അധ്യക്ഷയെ നിരന്തരം അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി പത്ര-ദൃശ്യ മാധ്യമങ്ങള്‍ സംയുക്ത പ്രചാരണം നടത്തുന്നതെന്നും വനിതാ കമ്മീഷന് അധ്യക്ഷ കുറ്റപ്പെടുത്തി.