സ്വന്തം ലേഖകൻ
കോഴിക്കോട്: കേരളത്തിൽ നിർബന്ധിത മതപരിവർത്തനം ഉണ്ടോ..? കുറച്ചുകാലമായി ഉയർന്നുവരുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെങ്കിലും ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാകമ്മീഷനും ഇക്കാര്യത്തിൽ രണ്ടുതട്ടിലാണ്. നിർബന്ധിത മതപരിവർത്തനം കേരളത്തിൽ അതീവ ഗുരുതരമായ അവസ്ഥയിലാണെന്ന് ദേശീയ വനിതാ കമ്മീഷൻ പറയുന്പോൾ അങ്ങിനെ ഒരുകാര്യവും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ പറയുന്നു.
കോഴിക്കോട് നടത്തിയ സിറ്റിംഗിലാണ് രണ്ടു കമ്മീഷനുകളും വ്യത്യസ്ത അഭിപ്രായങ്ങളുമായി കൊന്പുകോർത്തത്. രാഷ്ട്രീയ നിലപാടുകളാണ് ഇരുകമ്മീഷനുകളെയും നയിക്കുന്നതെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. നിർബന്ധിത മതപരിവർത്തനം ഉണ്ടെങ്കിൽ ആദ്യം പരാതി ലഭിക്കേണ്ടത് സംസ്ഥാന ഘടകത്തിനാണെന്ന വാദമാണ് ഒരുവിഭാഗം ഉയർത്തുന്നത്. എന്നാൽ പരാതി ലഭിച്ചിട്ടും മൂടിവയ്ക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്ന് മറുവിഭാഗവും ആരോപിക്കുന്നു. എന്തായാലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന മതപരിവർത്തനം പോലുള്ള വിഷയത്തിൽ ഉയരുന്ന വാദപ്രതിവാദങ്ങൾ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രണയിക്കുന്നതിനോ പ്രണയ വിവാഹത്തിനോ എതിരല്ല, എന്നാൽ വിവാഹം കഴിക്കാനെന്ന പേരിൽ പെണ്‍കുട്ടികളെ നിർബന്ധിപ്പിച്ച് മതംമാറ്റുന്നതിനോട് യോജിക്കാനാവില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ പറയുന്നു. വോട്ട് ബാങ്ക് മുന്നിൽ കണ്ടാണ് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. എന്നാൽ തന്റെ ലക്ഷ്യം വോട്ടല്ല. താൻ കണ്ടും കേട്ടും മനസ്സിലാക്കിയ കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. പെണ്‍കുട്ടികളുടെ പ്രശ്നമായാണ് ഇതിനെ കാണുന്നത്. സ്ത്രീകൾക്കുവേണ്ടിയാണ് താൻ പ്രവർത്തിക്കുന്നത്. ഏതെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ വിജയിക്കുകയോ അല്ല തന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
വിവാഹവും പ്രണയവുമെല്ലാം നിർബന്ധിത മതപരിവർത്തനത്തിനുള്ള കാരണങ്ങളിൽ ചിലതാണ്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇവിടെ പെണ്‍കുട്ടികളെ മതപരിവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇവർ പറയുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം നടത്തിയ സിറ്റിംഗിൽ മനുഷ്യാവകാശ കമ്മീഷൻ ഇതിനെതിരേ രംഗത്തുവന്നു.
മനുഷ്യക്കടത്തോ, മതപരിവർത്തനമോ സംബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ദേശീയ വനിതാ കമ്മീഷന്റെ ഇത് സംബന്ധിച്ച പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും കമ്മീഷൻ അംഗങ്ങൾ പറയുന്നു.കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങൾ മനസിലാക്കാതെയാണ് ദേശീയ കമ്മീഷന്റെ ഇതുസംബന്ധിച്ച പ്രസ്താവനയെന്നും കമ്മീഷൻ അംഗം എം.എസ്. താര പറഞ്ഞു.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം വർധിക്കുന്നതായി മാത്രമാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഇത്തരം വിഷയങ്ങൾ കമ്മീഷൻ ഗൗരവമായി കാണുമെന്നും ഇരകൾക്ക് നീതി ലഭിക്കുന്നതിന് ഫലപ്രദമായ ഇടപെടൽ നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.