തൃശൂർ: രക്തബന്ധുക്കൾ തമ്മിലുള്ള കുടുംബ-സ്വത്ത് തർക്കങ്ങളും കേസുകളും വർധിക്കുന്നതായി വനിതാ കമ്മീഷൻ. വിട്ടുകൊടുക്കാൻ മനസില്ലാതെ ഇവർ കേസുമായി മുന്നോട്ടുപോകുന്പോൾ തർക്കപരിഹാരം അകുന്നുപോകുകയാണെന്ന് അംഗങ്ങൾ പറയുന്നു. കമ്മീഷൻ ഇന്നലെ പരിഗണിച്ച 90 പരാതികളിൽ ഭൂരിഭാഗവും ബന്ധുക്കൾ തമ്മിലുള്ള സ്വത്തുതർക്കമായിരുന്നു. സഹോദരൻ സഹോദരിയെ വീട്ടിൽനിന്നും ഇറക്കിവിട്ടതും സ്വത്ത് ഭാഗം ചെയ്തതിലെ പോരായ്മകളും സംബന്ധിച്ച പരാതികൾ നിരവധിയാണ്.
അംഗങ്ങളുടെ മുന്നിലിരുന്ന് ഒരു വയോധിക നിസഹായയായി കരഞ്ഞപ്പോൾ കമ്മീഷൻ അംഗങ്ങൾ പോലും നിസഹായരായി. എതിർകക്ഷിയെക്കുറിച്ച് തിരക്കിയപ്പോഴാണ് ഇത് അവരുടെ സ്വന്തം സഹോദരനാണെന്ന് മനസിലാകുന്നത്. നേരത്തേ ബന്ധുക്കളോ കുടുംബ സുഹൃത്തുക്കളോ ഇടപെട്ട് തീർത്തിരുന്ന ഇത്തരം കുടുംബപ്രശ്നങ്ങൾ ഇപ്പോൾ കമ്മീഷന്റെ മുന്പിൽ കെട്ടിക്കിടക്കുകയാണ്.
45 പരാതികൾ തീർപ്പാക്കി. കമ്മീഷൻ അംഗം അഡ്വ.ഷിജി ശിവജിയുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ 90 പരാതികളാണ് പരിഗണിച്ചത്. കുടുംബസ്വത്തുതർക്കം സംബന്ധിച്ച പരാതികളായിരുന്നു ഇവയിൽ ഏറെയും. 21 കേസുകൾ പോലീസ് റിപ്പോർട്ടിനായി അയച്ചതായി കമ്മീഷൻ പറഞ്ഞു. മൂന്നുകേസുകൾ മുഴുവനംഗ കമ്മീഷന്റെ പരിഗണനയ്ക്ക് വിട്ടു. 21 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
സർവിസ് സംബന്ധിച്ചുവന്ന പരാതിയാണ് മുഴുവൻ അംഗ കമ്മീഷന്റെ സിറ്റിംഗിലേക്ക് മാറ്റിവച്ചത്. സ്കൂൾ അധ്യാപകർ മാനേജ്മെന്റിനെതിരേ നൽകിയ പരാതികളാണിത്. രണ്ട് പുതിയ പരാതികളും അദാലത്തിൽ കമ്മീഷന് ലഭിച്ചു. അഭിഭാഷകരായ എൽദോ പൂക്കുന്നേൽ, ലൗലി ലിസ് പോൾസണ്‍, ജൂബി സന്തോഷ്, വനിതാ കൗണ്‍സിലർ മാല രമണൻ, വനിതാ സിപിഒ പത്മിനി എന്നിവരാണ് അദാലത്തിനു നേതൃത്വം നൽകിയത്.