കോട്ടയം: പിതൃത്വം തെളിയിക്കുന്നതിന് ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ആറുകേസുകൾ വനിതകമ്മീഷനുമുന്നിലെത്തി. കഴിഞ്ഞ രണ്ടുവർഷത്തിനിടെയാണ് ഇത്രയും പരാതി ലഭിച്ചത്. ഇതിൽ കമ്മീഷൻ നേരിട്ട് നടത്തിയ നാലുകേസുകളിലെ പരിശോധയിൽ പരാതിയുമായി എത്തിയവർ തന്നെയാണു പിതാവിന്റെ കുട്ടിയെന്നു തെളിഞ്ഞു. മറ്റുരണ്ടുകേസുകൾക്ക് ഡിഎൻഎ പരിശോധന നടത്താൻ അനുവാദം മാത്രമാണ് നൽകിയത്.
ഇന്നലെ കോട്ടയം ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന വനിതകമീഷൻ മെഗാ അദാലത്തിലും ഒരു പരാതി ലഭിച്ചു. 15 ദിവസം പ്രായമായ കുട്ടിയുടെ പിതൃത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി മാതാപിതാക്കൾ വനിതകമീഷന് മുന്നിലെത്തിയത്. ഭർതൃമാതാവിന്റെ നിർബന്ധത്തിനു വഴങ്ങി ഡിഎൻഎ പരിശോധന നടത്താനുള്ള അപേക്ഷയുമായാണ് യുവതിയെത്തിയത്.
ഭർതൃവീട്ടുകാർ നിരസിച്ച പ്രസവരക്ഷ മൂത്തമകളും തന്റെ അമ്മയും കൂടിയാണു ചെയ്യുന്നതെന്നു വെളിപ്പെടുത്തിയ യുവതി കുട്ടിയെ മൂത്തമകളായ എട്ടുവയസുകാരിയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ടു. ഭാര്യക്ക് ആവശ്യമായ പ്രസവരക്ഷയും ചികിത്സയുമാണ് ഇപ്പോൾ ലഭ്യമാക്കേണ്ടതെന്നും ഡിഎൻഎ പരിശോധനക്കുള്ള നടപടി മൂന്നുമാസത്തിനുശേഷം പരിഗണിക്കുമെന്നും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോട് കമീഷൻ നിർദേശിച്ചു.
ഭർതൃമാതാവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഇരുവരും അദാലത്തിലെത്തിയെന്നും ദന്പതികൾ തമ്മിൽ മറ്റുപ്രശ്നങ്ങളില്ലെന്നും തിരിച്ചറിഞ്ഞ വനിതകമീഷൻ പോലീസ് സംരക്ഷണയിൽ പിതാവിന്റെ വീട്ടിലേക്കു മടക്കിയച്ചു. ഭർതൃമാതാവിനു കർശനതാക്കീത് നൽകാനും വനിത പോലീസ് ഉദ്യോഗസ്ഥരെയും കമീഷൻ ചുമതലപ്പെടുത്തി. മൂന്നുകുട്ടികൾക്കൊപ്പമാണ് ദന്പതികൾ അദാലത്തിനെത്തിയത്. കുടുംബപ്രശ്നത്തിന്റെ പേരിൽ ഡിഎൻഎ പരിശോധന നടത്തുന്നത് സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നു വനിതകമീഷൻ അംഗം ഇ.എം. രാധ പറഞ്ഞു.