പാലക്കാട്: സ്ത്രീകളെ മുൻനിർത്തി പുരുഷൻമാർ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്കുന്ന പ്രവണത വർധിക്കുന്നതായി കമ്മീഷൻ ചെയർപേഴ്സൻ എം.സി.ജോസഫൈൻ. ഇത്തരം കേസുകൾ കമ്മീഷന് മുന്നിലെത്തുന്പോൾ പരാതി സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ നല്കാൻപോലും മിക്ക സ്ത്രീകൾക്കും സാധിക്കാറില്ലെന്നും അവർക്ക് പകരമായി പുരുഷൻമാരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഇങ്ങനെയുള്ള കേസുകൾക്കെതിരെ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ മുന്പാകെ പുതിയ മൂന്ന് പരാതി ഉൾപ്പെടെ 73 പരാതികളാണ് ലഭിച്ചത്. ഇതിൽ 24 പരാതികൾ തീർപ്പാക്കി. 16 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റുകയും ഒരു പരാതി സൗജന്യ നിയമ സഹായത്തിനായി ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറിയതായും ചെയർപേഴ്സൻ അറിയിച്ചു.
കുടുംബസ്വത്ത്, വഴിതർക്കങ്ങൾ സംബന്ധിച്ച പരാതികളാണ് കൂടുതലായും കമ്മീഷൻ പരിഗണിച്ചത്. ഡിഎൻഎ പരിശോധനയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കമ്മീഷൻ മുന്പാകെ ലഭിച്ച പരാതി പരിഗണിച്ചപ്പോൾ പരാതിക്കാരിയുടെയും നാലരവയസുള്ള കുട്ടിയുടെയും പുനരധിവാസം, പഠനം, സംരക്ഷണം എന്നിവ ഉറപ്പാക്കാനും കമ്മീഷൻ തീരുമാനിച്ചു.
നിലവിൽ കോടതിയുടെ പരിഗണനയിലുള്ള വിവിധ കേസുകൾ കമ്മീഷൻ മുന്പാകെ ലഭിച്ചതായും അത്തരം കേസുകൾ കമ്മീഷന് പരിഗണിക്കാൻ സാധിക്കില്ലെന്നും കമ്മീഷൻ അംഗം ഷാഹിദ കമാൽ അറിയിച്ചു. കമ്മീഷന് പരാതി നല്കിയിട്ട് അദാലത്തിന് ഹാജരാകാതിരിക്കുന്ന വിവിധ കേസുകളുണ്ടെന്നും ഇത്തരം സാഹചര്യങ്ങൾ കമ്മീഷന് സമയനഷ്ടം ഉണ്ടാക്കുന്നതായും ചെയർപേഴ്സൻ അറിയിച്ചു.
കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി, കമ്മീഷൻ ഡയറക്ടർ പി.യു.കുര്യാക്കോസ്, വനിതാസെൽ എസ്ഐ വി.അനിലകുമാരി എന്നിവർ അദാലത്തിന് നേതൃത്വം നല്കി.