പാലക്കാട്: സ്വത്തിനായി വഴിയാധാരമാക്കപ്പെടുന്ന രക്ഷിതാക്കളുടെ എണ്ണം കൂടിവരുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. മാതാപിതാക്കളിൽനിന്നും സ്വത്ത് എഴുതിവാങ്ങിയശേഷം അവരെ ഉപേക്ഷിക്കുന്ന നിരവധി പരാതികൾ വനിതാകമ്മീഷനു ലഭിക്കുന്നതായി അവർ പറഞ്ഞു.
ജില്ലയിൽ ഇത്തരത്തിൽ ലഭിച്ച രണ്ടു പരാതികൾ കമ്മീഷൻ ആർഡിഒയ്ക്കു കൈമാറുകയും ആർഡിഒയുടെ പ്രത്യേക ഇടപെടലിലൂടെ സ്വത്തുക്കൾ അമ്മയ്ക്ക് തിരികെ ലഭിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ മികച്ച ഇടപെടൽ നടത്തിയ ആർഡിഒയെ ചെയർപേഴ്സണ്‍ അഭിനന്ദിച്ചു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിലാണ് ചെയർപേഴ്സണ്‍ ഇക്കാര്യം അറിയിച്ചത്.
പരാതിക്കാരും എതിർകക്ഷികളും ഹാജരാകാത്തതുമൂലം കേസുകൾ തീർപ്പാക്കാൻ കാലതാമസം നേരിടുന്നുണ്ട്. പരമാവധി മൂന്നുതവണ പരാതിക്കാരെ സിറ്റിംഗിനായി വിളിക്കും. മൂന്നുതവണയും ഹാജരാവാത്തവർക്കെതിരെ നടപടിയെടുക്കും. സംസ്ഥാനത്ത് പരാതിക്കാർ ഹാജരാകാത്തതിനാൽ കെട്ടിക്കിടക്കുന്ന പരാതികളിൽ ഉടനെ നടപടിയെടുക്കും.
പെണ്‍കുട്ടികൾക്ക് വിവാഹസമയത്ത് നല്കുന്ന ഭൂമിയോ മറ്റ് സ്വത്തുക്കളോ പെണ്‍കുട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നത് പിന്നീടുണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അധ്യക്ഷ പറഞ്ഞു. ഗാർഹികപീഢനം സംബന്ധിച്ച പരാതിയിൽ പെണ്‍കുട്ടിക്ക് വിവാഹസമയത്ത് നല്കിയ ഭൂമി പെണ്‍കുട്ടിയുടെയും ഭർത്താവിന്റെയും പേരിൽ എഴുതി നല്‍കുകയും തുടർന്ന് ഭർത്താവ് ഭൂമി വിട്ടുകൊടുക്കാതിരിക്കുകയും ചെയ്ത പരാതിയിൽ ഭൂമി കുട്ടികളുടെ പേരിൽ എഴുതി നല്കാൻ ധാരണയായി.
ആദിവാസി മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു അട്ടപ്പാടി, വയനാട് ആദിവാസി മേഖലകളിൽ പ്രോജക്ട് കോ-ഓർഡിനേറ്ററെ നിയമിച്ച് പഠനം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. കൂടാതെ സൈബർ ആക്ട്, പോക്സോ, സ്ത്രീ സുരക്ഷ എന്നിവയ്ക്കായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. അദാലത്തിൽ 27 പരാതികൾ പരിഹരിച്ചു.
പുതിയതായി ലഭിച്ച മൂന്നു പരാതികളടക്കം സിറ്റിംഗിൽ 75 പരാതികളാണ് ലഭിച്ചത്. 27 പരാതികൾ പരിഹരിച്ചു. പരാതിക്കാർ, എതിർകക്ഷികൾ എന്നിവർ ഹാജരാകാത്തതിനെ തുടർന്ന് മറ്റു പരാതികൾ മാറ്റിവച്ചു. വനിതാകമ്മീഷൻ അംഗങ്ങളായ ഇ.എം.രാധ, അഡ്വ. ഷിജി ശിവജി, വനിതാ കമ്മീഷൻ എസ്ഐ. എൽ.രമ എന്നിവർ പങ്കെടുത്തു.