ആലപ്പുഴ: വ്യക്തി താൽപര്യങ്ങൾക്ക് മാത്രം വില നൽകിയുള്ള ജീവിത രീതികളാണ് പല ബന്ധങ്ങളുടേയും തകർച്ചക്ക് കാരണമാകുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഇത്തരത്തിലുള്ള പ്രവണത സമൂഹത്തിന് ഏറെ ദോഷകരമായ ഭവിഷ്യത്തുകളാണ് സൃഷ്ടിക്കുക.
വിവാഹം ചെയ്തതിന് ശേഷം ഭാര്യക്ക് വിവാഹമോചനം പോലും നൽകാതെ വ്യക്തിപരമായ സ്വാർഥത മുൻനിർത്തി മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കുന്നതടക്കമുള്ള സംഭവങ്ങൾ ഇന്ന് കേരളത്തിൽ ഏറി വരുന്നത് കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് യാതൊരു തരത്തിലും ന്യായീകരണമില്ലാത്ത പ്രവണതയാണെന്നും ആലപ്പുഴയിൽ മെഗാ അദാലത്തിൽ പങ്കെടുത്തുകൊണ്ട് ജോസഫൈൻ വ്യക്തമാക്കി.
നിയമപരമല്ലാത്ത ബന്ധങ്ങൾ ഒരിക്കലും സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുക. വ്യക്തിഗത ജീവിതം വഴിവിട്ടു പോകുന്നതിലൂടെ സംഭവിക്കുന്ന പ്രശ്നങ്ങളാണ് മെഗാ അദാലത്തിൽ വന്ന പരാതികളിൾ കൂടുതലും. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്.
ഇത്തരം പരാതികളിൽ സ്പോട്ട് ഇൻസ്പക്ഷൻ അടക്കമുള്ള നടപടികളിലൂടെ തെറ്റുകാരായവർക്കെതിരെ കടുത്ത ശിക്ഷ തന്നെ കമ്മീഷൻ സ്വീകരിക്കുമെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു. അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന മെഗാ അദാലത്തിൽ 80 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്. ഇതിൽ മൂന്ന് പരാതികൾ വിവിധ വകുപ്പുകളുടെ വിശദമായ റിപ്പോർട്ടുകൾക്കായി കൈമാറിയിട്ടുണ്ട്.
അദാലത്തിലെത്തിയ 15 പരാതികൾ കമ്മീഷൻ തീർപ്പാക്കി. 62 പരാതികൾ ഒക്ടോബർ 30 ന് നടക്കുന്ന അടുത്ത അദാലത്തിലേക്കായി മാറ്റിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഹാളിലാണ് അടുത്ത മാസം 30 ന് അദാലത്ത് നടക്കുക. കമ്മീഷൻ അധ്യക്ഷയെ കൂടാതെ അംഗങ്ങളായ എം.എസ് താര, ഷിജി ശിവജി, ഇ.എം രാധ, കമ്മീഷൻ സി.ഐ. സുരേഷ് കുമാർ എന്നിവരും അദാലത്തിൽ പങ്കെടുത്തു.