പാലക്കാട്: എയ്ഡഡ് സ്കൂളുകളിലെ പുരുഷന്മാരുൾപ്പെട്ട മാനേജ്മെന്റും വനിതകളായ അധ്യാപകരും തമ്മിലുളള പ്രശ്നം പൊതുപ്രശ്നമായി മാറുന്നത് കമ്മീഷൻ ഗൗരവത്തോടെ കാണുന്നതായി സംസ്ഥാന വനിത കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ സംബന്ധിച്ച് സെപ്തംബറിൽ ബോധവത്കരണ സെമിനാർ നടത്തുമെന്ന് കമ്മീഷൻ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് സമ്മേളനഹാളിൽ നടന്ന അദാലത്തിലാണ് കമ്മീഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജിയും ഇ.എം രാധയും പൊതുപ്രശ്നം ചൂണ്ടിക്കാട്ടിയത്. സ്വകാര്യതൊഴിൽ സ്ഥാപനങ്ങളിൽ 10 പേരിൽ കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ ഇന്േറണൽ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടും.
അദാലത്തിൽ ജില്ലയിൽ സമാനമായ രണ്ടു കേസുകളാണ് പരിഗണിച്ചത്. മറ്റ് ജില്ലകളിലും സമാന കേസുകളുടെ എണ്ണം കൂടുന്നുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. ഫോണിലൂടേയും മറ്റും തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്നതിനെ തുടർന്ന് മുസ്ലീം സമുദായത്തിൽ പെട്ട പെണ്‍കുട്ടികൾ ദുരവസ്ഥയിലാകുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ സമാനകേസുകൾ മൂന്നെണ്ണമാണ് കമ്മീഷന് മുന്നിലെത്തിയതെന്ന് അംഗങ്ങൾ പറഞ്ഞു.
25 പവൻ സ്വർണവും ഒന്നരലക്ഷവും കൈക്കലാക്കിയ ശേഷം തലാഖ് ചൊല്ലിയ വിദ്യാസന്പന്നയായ മുസ്ലീംപെണ്കുട്ടിയുടെ പരാതിയാണ് അതിലൊന്ന്. പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ നശിപ്പിച്ചതും ദുരവസ്ഥയ്ക്ക്് ആക്കം കൂട്ടിയതായി കേസ് പരിഗണിച്ചശേഷം കമ്മീഷൻ അറിയിച്ചു. ബന്ധുക്കളുടെ ഇടപെടലിനെ തുടർന്ന് വിവാഹമോചനത്തിന് തയ്യാറായെത്തിയ ദന്പതികളെ കമ്മീഷന്റെ കൗണ്‍സിലിങ്ങിന് വിധേയമാകാനും കമ്മീഷൻ നിർദ്ദേശിച്ചു.
മൊത്തം 98 കേസുകളാണ് പരിഗണിച്ചത്. 39 എണ്ണം തീർപ്പാക്കി. എട്ടെണ്ണം മറ്റ് വകുപ്പുകളുടെ പരിശോധനയ്ക്ക്് വിട്ടു. 25 കേസുകളിൽ കക്ഷികൾ എത്തിയില്ല.26 എണ്ണം അടുത്ത അദാലത്തിൽ പരിഗണിക്കും. അദാലത്തിൽ അഡ്വ. സി.രമിക, അഡ്വ.കെ.പി വിജയലക്ഷമി, അഡ്വ.ടി.ശോഭന, അഡ്വ.അജ്ഞന,കൗണ്‍സിലർ സ്റ്റെഫി, വനിത സെൽ പോലീസ് കോണ്‍സ്റ്റിബിൾമാരായ എ.സക്കീന, എം.ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.