കൊച്ചി: പരാതി നൽകുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതു തടയുമെന്നു വനിതാ കമ്മീഷൻ. എറണാകുളം വൈഎംസിഎ ഹാളിൽ നടന്ന വനിത കമ്മീഷൻ മെഗാ അദാലത്തിലാണു കമ്മീഷൻ ഇക്കാര്യമറിയിച്ചത്. പരസ്ത്രീ, പരപുരുഷബന്ധം ആരോപിച്ചുള്ള കേസുകൾ വർധിച്ചു വരുന്നതായും കുടുംബബന്ധങ്ങൾ വഴിപിരിയാൻ ഇത് ഒരു കാരണമാകുന്നതായും കമ്മീഷൻ പറഞ്ഞു.
തങ്ങൾ അനുഭവിക്കുന്ന മാനസിക ശാരീരിക പീഡനങ്ങൾ സ്ത്രീകൾ തുറന്നു പറയുന്നതു മാറ്റത്തിന്റെ സൂചനയാണ്. പരാതിയുമായി വരുന്ന സ്ത്രീകളെ അനുഭാവപൂർവം പരിഗണിക്കുന്നതിനാൽ പരാതികളുടെ എണ്ണം ഓരോ അദാലത്തിലും വർധിച്ചു വരികയാണെന്നു കമ്മീഷൻ വ്യക്തമാക്കി.
തന്നെയും കാൻസർ രോഗിയായ അമ്മയെയും രണ്ടു സഹോദരിമാരെയും പിതാവ് സംരക്ഷിക്കുന്നില്ല എന്ന പെണ്‍കുട്ടിയുടെ പരാതിയിൽ റിട്ടയേർഡ് എസ്ഐയായ പിതാവിനെ അടുത്ത സിറ്റിംഗിൽ വിളിച്ചുവരുത്താൻ കമ്മീഷൻ തീരുമാനിച്ചു. വാതരോഗം മൂലം നടക്കാനാകാത്ത അമ്മയെ മക്കൾ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കുന്നില്ല എന്ന പരാതിയിൽ അമ്മയ്ക്കും മക്കൾക്കും ഒരു വീട്ടിൽ ജീവിക്കാൻ പറ്റുന്ന സാഹചര്യമൊരുക്കാൻ നടപടി സ്വീകരിക്കുമെന്നു കമ്മീഷൻ അറിയിച്ചു.
നടക്കാനാകാത്ത അമ്മയെ പുറത്തു കാറിൽ ചെന്നു കണ്ടാണു കമ്മീഷൻ പരാതി കേട്ടത്. അമ്മയെ സംരക്ഷിക്കാൻ തയാറാണെന്നു മകൻ കമ്മീഷനെ അറിയിച്ചു. മകന്റെ സാമീപ്യം ആവശ്യപ്പെട്ടാണു അമ്മ കമ്മീഷനെ സമീപിച്ചത്. ഗവ. മെഡിക്കൽ കോളജിൽ ശുചീകരണ തൊഴിലാളികളെ അസഭ്യം പറഞ്ഞതിനു പുരുഷ ജീവനക്കാരനെതിരേ പരാതി കമ്മീഷൻ പരിഗണിച്ചു.
അടുത്ത അദാലത്തിൽ ആർഎംഒയുടെ റിപ്പോർട്ട് സഹിതം സെക്യൂരിറ്റി ഓഫീസറോട് ഹാജരാകാനും കമ്മീഷൻ ഉത്തരവിട്ടു. 80 പരാതികൾ പരിഗണിച്ച അദാലത്തിൽ 26 പരാതികൾ തീർപ്പാക്കി. രണ്ടു പരാതികളിൽ കൗണ്‍സിലിംഗ് നൽകാൻ തീരുമാനിച്ചു. 29 കേസുകൾ അടുത്ത സിറ്റിംഗിലേക്കു മാറ്റി. മാതാപിതാക്കളെ സംരക്ഷിക്കുന്നില്ല എന്ന ആറു പരാതികൾ ആർഡിഒയ്ക്കു കൈമാറി.
കമ്മീഷൻ അംഗങ്ങളായ ഷിജി ശിവജി, എം.എസ്. താര, ഇ.എം. രാധ എന്നിവർക്കു പുറമേ ഡയറക്ടർ വി.എം. കുര്യാക്കോസ്, ലീഗൽ പാനൽ ഉദ്യോഗസ്ഥരായ സ്മിതാ ഗോപി, എം.ഇ. അലിയാർ, ഖദീജാ റിഷബത്ത്, വനിതാ സെൽ എസ്ഐ സോണ്‍ മേരി പോൾ തുടങ്ങിയവർ പങ്കെടുത്തു.