കൊച്ചി: സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകൾക്കുനേരേയുള്ള അതിക്രമങ്ങൾ കൂടിവരികയാണെന്നും ഇതിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണ് എം.സി. ജോസഫൈൻ. ഇത്തരം കേസുകളിൽ ഒട്ടും കാലതാമസമില്ലാതെ തന്നെ കമ്മീഷൻ തീരുമാനങ്ങളെടുക്കും.
വൈഎംസിഎ ഹാളിൽ നടന്ന മെഗാ അദാലത്തിനുശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ. നിലവാരമുള്ള വ്യക്തികൾക്കു ചിന്തിക്കാൻ പോലും കഴിയാത്തത്ര നീചമായ ഭാഷയാണു സ്ത്രീകൾക്കെതിരേ പ്രയോഗിക്കുന്നത്. അടുത്തിടെ വികലാംഗയായ സിവിൽ എൻജിനീയർക്കുനേരേ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ മോശം പരാമർശങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു നടപടിയെടുത്തു.