കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ വനിതാ കൗണ്‍സിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ കേസിലെ പ്രധാന പ്രതികളെന്ന് ആരോപിക്കുന്ന സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ യാതൊരു നടപടികളും സ്വീകരിക്കാതെ പോലീസ്. അറസ്റ്റ് തടയാൻ ഇവർ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കുമെന്നാണ് സൂചന.
അതേസമയം അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും സിപിഎം ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സെക്രട്ടറി, കിഴക്കൊമ്പ് വെച്ചുകെട്ടിക്കല് അരുണ്‍ വി.മോഹന്‍ (40), സിഐടിയു ചുമട്ട് തൊഴിലാളികളായ കൂത്താട്ടുകുളം വള്ളിയാങ്കമലയില് സജിത്ത് അബ്രാഹം (40), കിഴകൊമ്പ് തൂക്കുപറമ്പില്‍ റിന്‍സ് വര്‍ഗീസ് (42), ഇലഞ്ഞി വെള്ളാനില് ടോണി ബേബി (34) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇവരെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കും.
നഗരസഭയിലെ ഭരണപക്ഷമായ എൽഡിഎഫിലെ കൗണ്‍സിലറാണ് കലാ രാജു. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന സൂചനയെ തുടർന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.കൗൺസിലറെ ആക്രമിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ കൂത്താട്ടുകുളം ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് എല്‍ഡിഎഫിന്റെ പ്രതിഷേധ പ്രകടനവും യോഗവും നടക്കും.
എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ച യുഡിഎഫ് നേതാക്കള്‍ക്കെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് എല്‍ഡിഎഫ് പ്രതിഷേധം നടത്തുന്നത്.
കൗണ്‍സിലര്‍മാരില്‍നിന്ന് ഇന്നു മൊഴി രേഖപ്പെടുത്തും
സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ കൗണ്‍സിലര്‍മാരില്‍നിന്ന് ഇന്നു മൊഴി രേഖപ്പെടുത്തും. എറണാകുളം രാജീവ് ഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൂത്താട്ടുകുളം നഗരസഭയിലെ ഭരണപക്ഷമായ എൽഡിഎഫിലെ കൗണ്‍സിലർ കലാ രാജു, കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നഗരസഭ ചെയര്‍പേഴ്സണ്‍ വിജയാ ശിവന്, സഹ കൗണ്‍സിലര്‍മാരായ സുമ വിശ്വംഭരന്, അംബിക രാജേന്ദ്രന് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. കോലഞ്ചേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക.