ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പ് എന്നാല്‍, പുരുഷന്മാരുടെ ലോകകപ്പ് മാത്രമല്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് വനിതാ ലോകകപ്പിന് ഇന്ന് തുടക്കം. ലോകറാങ്കിംഗില്‍ മുന്നിലുള്ള എട്ടു ടീമുകള്‍ റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ മാറ്റുരയ്ക്കും. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി അഞ്ചു ഗ്രൗണ്ടുകളില്‍ മത്സരം നടക്കും. ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ, ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. മറ്റൊരു മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെയും നേരിടും. രണ്ടു മത്സരങ്ങളും ഉച്ചകഴിഞ്ഞ് മൂന്നിനാണ്.
ചരിത്രത്തിലാദ്യമായി ഏകദിനത്തില്‍ ഡിആര്‍എസ് ഉപയോഗിക്കുന്ന ലോകകപ്പാണിത്. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വിജയികള്‍ക്ക് നല്കുന്ന സമ്മാനത്തുകയിലെ വര്‍ധനയാണ്. ആകെ 20 ലക്ഷം ഡോളറാണ് സമ്മാനമായി ലഭിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 10 ഇരട്ടി കൂടുതലാണിത്.
വനിതാ ക്രിക്കറ്റില്‍ ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ചാമ്പ്യന്‍ഷിപ്പിനുണ്ട്. ജൂലൈ രണ്ടിനാണ് മത്സരം. ഇത്തവണ മികച്ച ഫോമിലാണ് ഇന്ത്യ, കരുത്തരായ ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും സമീപകാലത്ത് പരാജയപ്പെടുത്താന്‍ ഇന്ത്യക്കായിട്ടുണ്ട്. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാര്. 2005ല്‍ ഫൈനലിലെത്തിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം. മിതാലി രാജ് നയിക്കുന്ന ഇന്ത്യന്‍ ടീമിന് ഇന്ന് ഇംഗ്ലണ്ടിനെതിരേ വിജയിക്കാനാകുമെന്നാണ് കരുതുന്നത്.